Sorry, you need to enable JavaScript to visit this website.

സര്‍ക്കോമ; രോഗവും ചികിത്സകളും

ഒരു കാലത്ത് ഏറെ ഭയത്തോടെ കണ്ടിരുന്ന രോഗമായിരുന്നു അര്‍ബുദം അഥവാ കാന്‍സര്‍. നൂറ് കണക്കിന് കാന്‍സര്‍ വകഭേദങ്ങളുണ്ട്. ചിലതെല്ലാം അപൂര്‍വമായി കണ്ട് വരുന്നതാണെങ്കിലും നൂതനമായ മികച്ച ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാനുള്ള സാങ്കേതിക വിദ്യകള്‍ ഇന്നുണ്ട്. അത്തരത്തിലുള്ള ഒരിനം കാന്‍സറാണ് സര്‍ക്കോമ. ഞരമ്പുകള്‍, പേശികള്‍, സന്ധികള്‍, കൊഴുപ്പ്, രക്തക്കുഴലുകള്‍, എല്ലുകള്‍ തുടങ്ങി ശരീരത്തെ ബന്ധിപ്പിച്ച് നിര്‍ത്തുന്ന കോശങ്ങളെയാണ് (കണക്ടീവ് ടിഷ്യൂ) സര്‍ക്കോമ ബാധിക്കുന്നത്.

കാന്‍സര്‍ കോശങ്ങളുടെ ഘടനയുടെ അടിസ്ഥാനത്തില്‍ രണ്ട് തരത്തിലുളള സര്‍ക്കോമയാണുള്ളത്. അസ്ഥികളെ ബാധിക്കുന്ന ബോണ്‍ കാന്‍സറും കോശങ്ങളെ ബാധിക്കുന്ന സോഫ്റ്റ് ടിഷ്യു സര്‍ക്കോമയുമാണിവ. കുട്ടികളെയും യുവാക്കളെയുമാണ് ബോണ്‍ കാന്‍സര്‍ കൂടുതലായി ബാധിക്കുന്നതെങ്കില്‍ മധ്യവയസ്‌ക്കരിലാണ് സോഫ്റ്റ് ടിഷ്യൂ സര്‍ക്കോമ ഏറെയും കണ്ടുവരുന്നത്. എത്രയും വേഗം രോഗം കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കാന്‍ കഴിഞ്ഞാന്‍ രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. 

ബോണ്‍ കാന്‍സര്‍
ഏറ്റവും കൂടുതലായി കണ്ടുവരുന്ന സര്‍ക്കോമ വകഭേദമാണ് അസ്ഥികളെ ബാധിക്കുന്ന ബോണ്‍ കാന്‍സര്‍. സാധാരണയായി 10നും 20നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ കാന്‍സര്‍ കണ്ടുവരുന്നത്. ബോണ്‍ കാന്‍സറിന്റെ മൂലകാരണം ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും റേഡിയേഷനും ജനിതകമായ സവിശേഷതകളും രോഗത്തിന് കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അസ്ഥികളില്‍ ബാധിക്കുന്ന കാന്‍സറാണെങ്കിലും ശ്വാസകോശത്തിലേക്ക് ഉള്‍പ്പടെ വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് രോഗികളുടെ ആരോഗ്യാവസ്ഥ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും.

സോഫ്റ്റ് ടിഷ്യൂ കാന്‍സര്‍
ഞരമ്പുകള്‍, പേശികള്‍, സന്ധികള്‍, കൊഴുപ്പ്, രക്തക്കുഴലുകള്‍, ടെന്റണുകള്‍, സന്ധികളുടെ ലൈനിംഗുകള്‍ തുടങ്ങി ശരീരത്തിലെ മൃദു കോശങ്ങളെ ബാധിക്കുന്ന അപൂര്‍വ കാന്‍സറാണിത്. ഏത് പ്രായക്കാരെയും ബാധിക്കാമെങ്കിലും 40 വയസിന് മുകളിലുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി കൈ കാലുകള്‍, നെഞ്ച്, വയറിന്റെ പുറക് വശം, റിട്രോപെരിറ്റോണിയം എന്നിവിടങ്ങളിലാണ് കാണുന്നത്. ശ്വാസകോശം ഉള്‍പ്പെടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പകരാനുള്ള സാധ്യത സോഫ്റ്റ് ടിഷ്യൂ കാന്‍സറുകളിലും വളരെ കൂടുതലാണ്. 

സര്‍ക്കോമയുടെ ലക്ഷണങ്ങള്‍
കാലക്രമേണ കൂടി വരുന്ന രാത്രിയിലും തുടരുന്ന കലശലായ അസ്ഥിവേദനയാണ് കുട്ടികളിലും ചെറുപ്പക്കാരിലും കണ്ടുവരുന്ന ബോണ്‍ കാന്‍സറുകളുടെ പ്രധാന ലക്ഷണം. വൈദ്യസഹായവും മതിയായ വിശ്രമം ലഭിച്ചാലും വേദന മാറില്ല. അസ്ഥിക്ക് മുകളില്‍ മുഴയോ വീക്കമോ തടിപ്പോ ഉണ്ടാകും. അസ്ഥിയില്‍ കാന്‍സര്‍ ബാധിച്ച കുട്ടികളില്‍ എല്ലുകള്‍ ഒടിയാനുള്ള സാധ്യതയും കൂടുതലാണ്.

ശരീരത്തില്‍ കാണപ്പെടുന്ന വേഗത്തില്‍ വളരുന്ന മുഴകളും സോഫ്റ്റ് ടിഷ്യൂ സര്‍ക്കോമയുടെ ലക്ഷണങ്ങളാകാം. വേദനയുള്ളവയാകും ഇവയില്‍ പലതും. ശസ്ത്രക്രിയക്ക് ശേഷവും കാണപ്പെടുന്ന മുഴകളും പേശികളില്‍ ആഴത്തില്‍ കാണപ്പെടുന്ന മുഴകളും കാന്‍സറാകാനുളള സാധ്യത തള്ളിക്കളയാനാകില്ല. 

സര്‍ക്കോമ ചികിത്സകള്‍
ബോണ്‍ കാന്‍സര്‍ രോഗികള്‍ക്ക് പ്രധാനമായും നല്‍കുന്നത് കീമോതെറാപ്പിയും ശസ്ത്രക്രിയയും സംയോജിപ്പിച്ചുള്ള ചികിത്സയാണ്. നേരത്തെ കാന്‍സര്‍ ബാധിച്ച കൈയോ കാലോ മുറിച്ചു മാറ്റുന്നതായിരുന്നു രീതി. എന്നാല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ഇതിന് പകരമായി കൈ കാലുകള്‍ രക്ഷിക്കുന്ന ലിംബ് സേവിംഗ് ശസ്ത്രക്രിയകളാണ് ചെയ്യുന്നത്. ചെറിയ കുട്ടികളില്‍ അസ്ഥികളുടെ വളര്‍ച്ചക്കനുസരിച്ച് വളരുന്ന കൃത്രിമ സംവിധാനമാണ് (എക്‌സ്പാന്‍ഡബിള്‍ ആര്‍ട്ടിഫിഷ്യല്‍ പ്രോസ്റ്റസിസ്) ഉപയോഗിക്കുന്നത്. കംപ്യൂട്ടര്‍ നാവിഗേഷന്‍, ത്രീ ഡി പ്രിന്റിംഗ് തുടങ്ങിയവയും സ്വന്തം അസ്ഥി തന്നെ പുനരുപയോഗിക്കുന്ന നൂതനമായ ബയോളജിക്കല്‍ ഫിക്‌സേഷന്‍ രീതികളും ഇന്നുണ്ട്.

സോഫ്റ്റ് ടിഷ്യൂ ക്യാന്‍സര്‍ രോഗികളില്‍ ട്യൂമറിന്റെ സ്വഭാവത്തിനനുസരിച്ചാണ് ചികിത്സ നല്‍കുന്നത്. ഏത് ഭാഗത്താണ് ട്യൂമര്‍ ഉണ്ടായത്, ഏത് തരം കാന്‍സറാണ്, രോഗിയുടെ പൊതുവായ ആരോഗ്യം, ട്യൂമറിന്റെ വ്യാപനം തുടങ്ങിയവയെ ആശ്രയിച്ചാണ് ചികിത്സ. ലിംബ് സേവിംഗ് ശസ്ത്രക്രിയയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പിന്നീട് റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവയുടെ സഹായത്തോടെ അവശേഷിക്കുന്ന കാന്‍സര്‍ കോശങ്ങളെയും നശിപ്പിക്കുക കൂടി ചെയ്യും. 

രോഗനിര്‍ണയവും തുടര്‍ പരിശോധനകളും നിര്‍ബന്ധം
മറ്റ് രോഗങ്ങളില്‍ നിന്നും കാന്‍സറിന്റെ രൂപങ്ങളില്‍ നിന്നും സര്‍ക്കോമയെ വ്യത്യസ്തമാക്കുന്നത് രോഗത്തിന്റെ അപൂര്‍വതയും ഇനിയും കണ്ടെത്താത്ത മൂലകാരണവുമാണ്. അതുകൊണ്ട് തന്നെ ചെറിയ ലക്ഷണങ്ങള്‍ പോലും കണ്ടെത്തുകയും എത്രയും വേഗം ചികിത്സ ആരംഭിക്കേണ്ടതും അത്യാവശ്യമാണ്. ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ  രോഗം കണ്ടെത്തിയാല്‍ നേരത്തെ തന്നെ വിദഗ്ധ ചികിത്സ നല്‍കാനാകും. ചികിത്സക്ക് ശേഷവും വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യത ഉള്ളതിനാല്‍ കൃത്യമായ ഇടവേളകളില്‍ തുടര്‍ പരിശോധനകള്‍ നിര്‍ബന്ധമായും ചെയ്യണം.

 

ഡോ. ശ്രീരാജ് രാജന്‍

(കണ്‍സള്‍ട്ടന്റ്, ഓര്‍ത്തോപ്പിഡെക്ക് ഓങ്കോളജി, ആസ്റ്റര്‍ മിംസ്, കാലിക്കറ്റ്)

Latest News