ഏതന്‍സ്- അമ്മയ്ക്കും മകള്‍ക്കും നേരെ വിമാനയാത്രികന്‍ ലൈംഗികാതിക്രമം നടത്തിയതില്‍ വിമാനക്കമ്പനിക്കെതിരെ പരാതി. ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെയാണ് 16 വയസുകാരിയായ മകളും അമ്മയും 2 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിനല്‍കിയത്. യാത്രക്കാരന്റെ പ്രവൃത്തി ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുക്കാന്‍ വിമാന ജീവനക്കാര്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
2022 ജൂലായ് 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഗ്രീസിലെ ഏതന്‍സിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. അമ്മയ്ക്കും മകള്‍ക്കും അരികിലുള്ള സീറ്റിലാണ് ഇയാള്‍ ഇരുന്നത്. മദ്യപിച്ച് 16 വയസുകാരിയോട് ഇയാള്‍ സംസാരിച്ചെങ്കിലും കുട്ടി ഇത് അവഗണിച്ചു. ഇതോടെ ആക്രമണോത്സുകനായ ഇയാള്‍ കുട്ടിയോട് കയര്‍ത്തുസംസാരിക്കാനും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കാനും തുടങ്ങി. കുട്ടിയുടെ പിന്‍ഭാഗത്ത് ഇയാള്‍ കൈവച്ചു. കുട്ടിയുടെ അമ്മ ഇടപെട്ട് കുട്ടി പ്രായപൂര്‍ത്തിയാവാത്ത ആളാണെന്ന് പറഞ്ഞെങ്കിലും ഇയാള്‍ പിന്മാറിയില്ല. അമ്മയുടെ കൈ ഇയാള്‍ പിടിച്ചുവലിച്ചു. മറ്റ് യാത്രക്കാര്‍ ഇടപെട്ടപ്പോള്‍ അവരോടും ഇയാള്‍ കയര്‍ത്തു. കുട്ടിയുടെ ഉടുപ്പിനകത്തുകൂടി കയ്യിട്ട് ബ്രാ സ്ട്രാപ്പ് പിടിച്ചുവലിച്ചു. അമ്മയുടെ തുടയിലൂടെ ഇയാള്‍ വിരലോടിച്ചു. ഉടന്‍ അമ്മ ചാടിയെഴുന്നേറ്റ് വേറെ സീറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ കൈമലര്‍ത്തി. പിന്നാലെ ഒരു യാത്രക്കാരന്‍ സീറ്റ് മാറാന്‍ സന്നദ്ധത അറിയിച്ചു. ശേഷം കുട്ടി ഇയാളുടെ സീറ്റിലേക്ക് മാറുകയായിരുന്നു. പലതവണ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും വിമാനജീവനക്കാര്‍ ഇടപെട്ടില്ല. അവര്‍ കുറ്റാരോപിതന് വീണ്ടും മദ്യം നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. കുറ്റാരോപിതന്‍ ആക്രമണോത്സുകനായി പെരുമാറി. അനുവാദമില്ലാതെ ദേഹത്ത് സ്പര്‍ശിച്ചു. ഇത്രയൊക്കെയുണ്ടായിട്ടും പോലീസിനെ അറിയിക്കാന്‍ തയ്യാറാവാതെ, ജീവനക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇയാളെ സഹായിച്ചു എന്നും പരാതിയില്‍ പറയുന്നു. വിമാനം ഏതന്‍സിലെത്തിയപ്പോള്‍ ഇവര്‍ക്ക് ജീവനക്കാര്‍ 5000 ഫ്രീ എയര്‍ലൈന്‍ മൈല്‍സ് നല്‍കി മാപ്പ് ചോദിച്ചിരുന്നു.