കസ്ഗഞ്ച് (യു.പി) - യുവാവിന്റെ തലമുണ്ഡനം ചെയ്ത് മുഖത്ത് മൂത്രമൊഴിച്ച് പണം തട്ടിയ കേസിൽ അഞ്ച് ട്രാൻസ്‌ജെൻഡർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ കസ്ഗഞ്ച് ജില്ലയിൽ ജൂലൈ 26-നാണ് കേസിനാസ്പദമായ സംഭവം. ഇരയുടെ പക്കൽ നിന്ന് പതിനായിരം രൂപ തട്ടിയെടുത്ത സംഘം ബലമായി മൂത്രം കുടിപ്പിച്ചതായും പരാതിയിലുണ്ട്.
യുവാവിന്റെ തലമുണ്ഡനം ചെയ്യുകയും മൂത്രം കുടിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഞ്ച് പ്രതികളിൽ മൂന്ന് പേർ യുവാവിന്റെ തല മൊട്ടയടിക്കുന്നതും മറ്റൊരു പ്രതി ദേഹത്ത് മൂത്രമൊഴിക്കുന്നതുമാണ് വീഡിയോയിലുള്ളത്. തുടർന്ന് യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ഇരയായ പരാതിക്കാരൻ റഫീഖുൽ നേരത്തെ പ്രതികളിലൊരാളുടെ വീട്ടിൽ ജോലി ചെയ്തിരുന്നതായി പറയുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് മറ്റൊരു ട്രാൻസ്‌ജെൻഡറുടെ വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങി. ഈ മാറ്റം ആരോപണവിധേയരായ ട്രാൻസ്‌ജെൻഡേഴ്‌സിനെ പ്രകോപിപ്പിച്ചു. തുടർന്ന് ജൂലൈ 26ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ പ്രതികൾ സംഘം ചേർന്ന് യുവാവിനെ പിടികൂടി മുടി മുറിക്കുകയും മൂത്രമൊഴിക്കുകയുമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.