സത്‌ന-മധ്യപ്രദേശില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ടുപേരുടെ വീട് അധികൃതർ ഇടിച്ചു നിരത്തി. രവീന്ദ്ര കുമാര്‍, അതുല്‍ ഭദോദിയ എന്നിവരുടെ വീടുകളാണ് ഇടിച്ചുനിരത്തിയത്. വ്യാഴാഴ്ചയാണ് പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കമ്പ് കുത്തിയിറക്കുകയും ചെയ്തിരുന്നു. 12കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
പ്രതികള്‍ പിടിയിലായതിന് പിന്നാലെ, മൈഹര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചീഫ് മുന്‍സിപ്പല്‍ ഓഫിസര്‍ ഇവരുടെ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ കുടുംബാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇവരുടെ വീടുകള്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് വ്യക്തമാക്കിയാണ് ഇടിച്ചു നിരത്താന്‍ ഉത്തരവിട്ടത്.
വീടുകള്‍ ഇടിച്ചു നിരത്തരുതെന്ന് പ്രതികളുടെ ബന്ധുക്കള്‍ ഉദ്യോഗസ്ഥരോട് അപേക്ഷിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. എന്നാല്‍ ബന്ധുക്കളുടെ അഭ്യര്‍ത്ഥന ചെവികൊള്ളാതെ ഉദ്യോഗസ്ഥര്‍ വീടുകള്‍ ഇടിച്ചുനിരത്തുകയായിരുന്നു. വ്യാഴാഴ്ച കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഇവര്‍, ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുരുതരാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ നിരവധി പാടുകളുണ്ട്.
കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കമ്പോ അതിന് സമാനമായ മറ്റെന്തോ വസ്തുവോ കുത്തിയിറക്കിയിട്ടുണ്ടെന്ന് മൈഹര്‍ എസ്പി അശുതോഷ് ഗുപ്ത പറഞ്ഞു. കുട്ടിയുടെ സ്ഥിതി മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യാവസ്ഥയില്‍ പുരോഗതിയില്ലെങ്കില്‍ ഭോപ്പാലിലേക്കോ ന്യൂദല്‍ഹിയിലേക്കോ മാറ്റും എന്നും അധികൃതര്‍ വ്യക്തമാക്കി.