റാഞ്ചി- ജാര്‍ഖണ്ഡിലെ പകൂറില്‍ ആദിവാസികള്‍ സംഘടിപ്പിച്ച പരിപാടിക്കെത്തിയ പ്രശസ്ത സാമുഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെ ഒരു കൂട്ടം ബിജെപി-യുവമോര്‍ച്ചാ ഗുണ്ടകള്‍ ആക്രമിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഹോട്ടലില്‍ നിന്നും ഇറങ്ങി വരികയായിരുന്ന സ്വാമിയുടെ നേര്‍ക്ക് അപ്രതീക്ഷിതമായി ആക്രമികള്‍ കരിങ്കൊടി വീശി ചാടിവീഴുകയായിരുന്നു. അടിയും തൊഴിയുമേറ്റ് നിലത്തു വീണ സ്വാമിയെ ആക്രമികള്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. സംഘപരിവാര്‍ ഗുണ്ടകളില്‍ നിന്നും രക്ഷപ്പെടുത്തിയ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി രഘുബര്‍ദാസ് സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജയ് ശ്രീറാം വിളികളുമായാണ് ആക്രമികള്‍ സ്വാമിയെ മര്‍ദിച്ചത്. എല്ലാ തരത്തിലുമുള്ള ആക്രമണങ്ങള്‍ക്കും താന്‍ എതിരാണെന്നും സമാധാന കാംക്ഷിയായ തന്നെ എന്തിനാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നും 80കാരനായ സ്വാമി പറഞ്ഞു. രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍കൂട്ട മര്‍ദനങ്ങളോടാണ് സംഭവത്തെ അദ്ദേഹം താരതമ്യം ചെയ്തത്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും അവര്‍ ആക്രമവും തെറിവിളികളും തുടരുകയായിരുന്നെന്നും സ്വാമി പറഞ്ഞു.
ആക്രമം ആസൂത്രിതമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.