ന്യൂദൽഹി- ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ നടന്ന റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മുഖ്താർ അൻസാരിയുടെ മകനെതിരെ ഫയൽ ചെയ്ത ക്രിമിനൽ നടപടികൾ റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
തെരഞ്ഞെടുപ്പിനിടെ മൗവിലെ പഹാദ്പൂർ ഏരിയയിൽ പൊതുയോഗ വേദിയിൽ വെച്ച് സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിൽ കൂട്ടുപ്രതിയായ ഉമർ അൻസാരിക്കെതിരെ സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കാനാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചത.
സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) എംഎൽഎയുടെ സഹോദരൻ അബ്ബാസ് അൻസാരി വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. വിവാദ പരാമർശം ഉമർ അൻസാരി നടത്തിയതല്ലെന്നും സഹോദരൻ വിവാദ പരാമർശം നടത്തിയപ്പോൾ വേദി പങ്കിട്ടതിനാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന്, കഴിഞ്ഞ വർഷം മാർച്ച് മൂന്നിനാണ് മൗ പോലീസ്, അൻസാരി സഹോദരന്മാർക്കെതിരെ പ്രകാരം കേസെടുത്തത്.
കേസിൽ തനിക്കും സഹോദരൻ ഉമർ അൻസാരിക്കും എതിരെ എസിജെഎം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് എംഎൽഎ അബ്ബാസ് അൻസാരി അടുത്തിടെ എംപി/എംഎൽഎ കോടതിയിൽ കീഴടങ്ങി. .