കൊച്ചി- രണ്ടാം വര്‍ഷവും മഴവില്‍ മനോരമയും അമ്മയും ഒത്തുചേര്‍ന്നുകൊണ്ടുള്ള 'മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്‌സ്- 2023'ന്റെ റിഹേഴ്‌സല്‍ ക്യാമ്പ് മാരിയറ്റ് ഹോട്ടലില്‍ മമ്മൂട്ടി ഭദ്രദീപം കൊളുത്തി ആരംഭിച്ചു. അമ്മയിലെ 120ല്‍പരം അംഗങ്ങളാണ് ഷോയില്‍ പങ്കെടുക്കുന്നത്.
ചടങ്ങില്‍ ട്രഷറര്‍ സിദ്ധിഖ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു. ലാല്‍, ബാബുരാജ്, മഞ്ജു പിള്ള, രചന നാരായണന്‍ കുട്ടി, ടിനി ടോം, എം. എം. ടി. വി പ്രോഗ്രാം ഹെഡ് ജൂഡ് അട്ടിപ്പേറ്റി, പ്രോഗ്രാം ഡെപ്യൂട്ടി ഹെഡ് സതീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഓണത്തിനോടനുബന്ധിച്ച് ആഗസ്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ടായിരിക്കും മഴവില്‍ മനോരമയില്‍ ഷോ സംപ്രേഷണം ചെയ്യുക. ഇടവേള ബാബുവാണ് ഷോ സംവിധായകന്‍.