ബ്യൂണസ്‌ഐറിസ്- ഒരാഴ്ച മുമ്പ് കാണാതായ ക്രിപ്‌റ്റോ കോടീശ്വരന്റെ മൃതദേഹം സ്യൂട്ട്‌കേസിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. ഫെർണാണ്ടോ പെരസ് അൽഗാബയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂലൈ 19 മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിന് സമീപത്തെ തെരുവിലാണ് അൽഗാബയുടെ മൃതദേഹം കണ്ടെത്തിയത്. അരുവിക്ക് സമീപം കളിക്കുന്ന കുട്ടികളാണ് സ്യൂട്ട്‌കേസ് കണ്ടത്.
പോലീസ് എത്തി സ്യൂട്ട്‌കേസ് പരിശോധിച്ചപ്പോഴാണ് അൽഗാബയുടെ കാലുകളും കൈത്തണ്ടകളും കണ്ടെത്തിയത്. മറ്റൊരു കൈ അരുവിയിൽനിന്നും കണ്ടെത്തി. പിന്നീട് പോലീസ് നടത്തിയ തെരച്ചിലിൽ കാണാതായ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെത്തി.
വെടിവെച്ചുകൊന്ന ശേഷമാണ് മൃതദേഹം വെട്ടിനുറുക്കിയത് എന്നാണ് പോലീസ് കണ്ടെത്തൽ. ക്രിപ്‌റ്റോ കറൻസി വ്യാപാരത്തിലൂടെയാണ് അൽഗാബ കോടീശ്വരനായത്. ആഡംബര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസും ഇദ്ദേഹത്തിനുണ്ടായിരുന്നു.