Sorry, you need to enable JavaScript to visit this website.

എട്ടുമാസമായ കുഞ്ഞിനെ വിറ്റ് ഹണിമൂൺ യാത്ര; യുവദമ്പതികൾ അറസ്റ്റിൽ

കൊൽക്കത്ത - കൈക്കുഞ്ഞിനെ വിറ്റ് ഹണിമൂൺ ആഘോഷിക്കാൻ പോയ യുവദമ്പതികൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.
 ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരെയാണ് എട്ടുമാസം പ്രായമായ ആൺകുഞ്ഞിനെ രണ്ടുലക്ഷം രൂപയ്ക്ക് വിറ്റതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് കുഞ്ഞിനെ വിലക്കുവാങ്ങിയ പ്രിയങ്ക ഘോഷ് എന്ന സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
 കുഞ്ഞിനെ കാണാത്തതും യുവദമ്പതികൾ വിലകൂടിയ ഫോൺ വാങ്ങിയതും ശ്രദ്ധയിൽപെട്ട സ്ഥലവാസികളാണ് സംശയം ആദ്യം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങളിൽ വ്യക്തത ലഭിച്ചത്. ദമ്പതികൾക്ക് ഒരു മകൾ കൂടിയുണ്ട്. 
 എട്ട് മാസമായ കുഞ്ഞിനെ വിറ്റശേഷം ദമ്പതികൾ ബംഗാളിലെ ദിഘാ, മന്ദർമണി ബീച്ചുകൾ ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും കറങ്ങുകയായിരുന്നു. ജൂലൈ 24-ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ, ഇതിന്റെ ഒന്നരമാസം മുമ്പേ കുഞ്ഞിനെ വിറ്റതായാണ് പോലീസ് പറയുന്നത്. 'കുഞ്ഞിനെ ജയദേവും സതിയും അമ്മാവന്റെ വീട്ടിലേക്ക് മാറ്റിയിരുന്നതായി ജയദേവിന്റെ പിതാവ് കമായി ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പിന്നീട് കുഞ്ഞിനെ ഇവർ വിൽക്കുകയായിരുന്നു. തുടർന്നാണ് ഇരുവരും ഹണിമൂൺ ആഘോഷിക്കാൻ പോയതെന്നും' കമായി ചൗധരി പറഞ്ഞു. തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന് ജയദേവിനെതിരെ താൻ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പറഞ്ഞു.
 

Latest News