ഒരു ഡോക്ടറുടെ പോൺ ക്ലിപ്പുകൾ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ''ഡീപ്‌ഫേക്ക്'' എന്ന റെഡ്ഡിറ്റ് ഉപയോക്താവിൽ നിന്നാണ് 2017 അവസാനത്തോടെ ഡീപ്‌ഫേക്ക് എന്ന പദം ഉത്ഭവിച്ചത്. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഈ സാങ്കേതിക വിദ്യ സെലിബ്രിറ്റികളുടെയടക്കം അശ്ലീല വീഡിയോകൾക്കായി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.
2019 ജൂണിൽ ഡീപ് ന്യൂഡ് എന്നൊരു ആപ്ലിക്കേഷൻ വസ്ത്രം ധരിച്ച സ്ത്രീകളെ നഗ്നരാക്കി മാറ്റാൻ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചു. എന്നാൽ പിന്നീട് ജൂൺ 27 ന് സ്രഷ്ടാവ് തന്നെ ആപ്ലിക്കേഷൻ നീക്കം ചെയ്തു. എന്നാലിന്ന് സമാനമായ നൂറുകണക്കിന് ആപ്ലിക്കേഷനുകൾ ലഭ്യമാണ്. പ്രാഥമിക സാങ്കേതിക ജ്ഞാനം മാത്രമുള്ളവർക്ക് പോലും ഇത്തരം ആപ്പുകൾ ഉപയോഗിച്ച് നഗ്‌ന വീഡിയോകൾ സൃഷ്ടിക്കാനാകും. ഇതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.
'എ ഐ സൃഷ്ടിച്ച അശ്ലീലത്തിന്റെയും ഡീപ്ഫേക്ക് പോണിന്റെയും ഇരകളാകുന്നത് ലോകമെങ്ങുമുള്ള സ്ത്രീകളാണ്. അതിൽ ഹോളിവുഡിലെ സെലിബ്രിറ്റികൾ മുതൽ വീട്ടമ്മമാർ വരെയുണ്ട്. അശ്ലീല വെബ് സൈറ്റുകളിൽ പോൺ വീഡിയോകൾ പ്രതിഫലം വാങ്ങി വിൽപന നടത്തുന്നവർ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രമുഖ നടിമാരുടെയും തന്നെ വിട്ടേച്ചുപോയ മുൻ കാമുകിയുടെയും വരെ നഗ്‌ന വീഡിയോകൾ സൃഷ്ടിച്ച് ഒരേ സമയം പണമുണ്ടാക്കുകയും അതേസമയം പ്രതികാരം നടത്തുകയും ചെയ്യുന്നു.
അമേരിക്കയിൽ ഇത്തരം അശ്ലീല വീഡിയോകളിൽ അവരറിയാതെ പ്രത്യക്ഷപ്പെട്ട നിരവധി പ്രമുഖർ ഇതുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തു വരുന്നുണ്ട്. ട്വിച്ച് സ്ട്രീമറായ ക്യു ടി സിൻഡ്രലയുടെ ഡീപ് ഫേക്ക് പോൺ വീഡിയോ വൈറലാകുകയും സഹ സ്ട്രീമർ പോലും അത് പങ്കുവെക്കുകയും ഇതിനെതിരെ ക്യൂ ടി സിൻഡ്രല നിയമ നടപടി പ്രഖ്യാപിച്ച് രംഗത്തു വരികയും ചെയ്തത് അടുത്തിടെയാണ്. ഈ ദുരനുഭവം മാനസികമായി അവരെ തകർത്തിരുന്നു. കരഞ്ഞുകൊണ്ടാണ് താൻ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് അവർ തന്റെ മാധ്യമത്തിലൂടെ വിവരിച്ചത്. ഗായിക ടെയ്‌ലർ സ്വിഫ്റ്റ്, നടി എമ്മ വാട്‌സൺ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ഡീപ് ഫേക്ക് പോണിന് നിരന്തരം ഇരകളായിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ, യൂറോപ്യൻ മാധ്യമങ്ങൾ ഇരകളായ സ്ത്രീകളുടെ നേരിട്ടുള്ള സാക്ഷ്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അക്കാദമിക് വിദഗ്ധർ മുതൽ ആക്ടിവിസ്റ്റുകൾ വരെ ഇരകളുടെ കൂട്ടത്തിലുണ്ട്.
സാധാരണയായി ഏതെങ്കിലും അശ്ലീല ചിത്രത്തിലോ വീഡിയോകളിലോ ഉള്ള വ്യക്തിയെ തനിക്ക് ഇരയാക്കാൻ കഴിയുന്ന മറ്റാരുടെയെങ്കിലും ചിത്രങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണ് ഇത്തരം ആപ്പുകൾ ചെയ്യുന്നത്. ഫോട്ടോ ആപ്പുകൾക്ക് ഡിജിറ്റലായി സ്ത്രീകളുടെ വസ്ത്രമഴിക്കാം. ടെക്സ്റ്റ്-ടു-ആർട്ട് ജനറേറ്ററുകളുപയോഗിച്ച് നിർദേശങ്ങൾ നൽകിക്കൊണ്ട് ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ടിക്കാം. ഇക്കൂട്ടത്തിൽ ഹൈപ്പർ-റിയൽ എ ഐ പെൺകുട്ടികളെ സൃഷ്ടിക്കാൻ കഴിയുന്ന സൗജന്യ ആപ്പുകളും ഉൾപ്പെടുന്നു. യഥാർത്ഥ ഫോട്ടോകളിൽ നിന്നുള്ള അവതാറുകൾ, 'കറുത്ത ചർമം', 'തുടയുടെ സ്ട്രാപ്പ്' എന്നിവ പോലുള്ള നിർദേശങ്ങൾ ഉപയോഗിച്ച് അവയെ ഇഷ്ടാനുസൃതം രൂപപ്പെടുത്തുന്നു. സ്റ്റെബിലിറ്റി എഐ വികസിപ്പിച്ചെടുത്ത ഓപൺ സോഴ്‌സ് എഐ മോഡലായ സ്റ്റേബിൾ ഡിഫ്യൂഷൻ പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ ടെക്സ്റ്റ് വിവരണങ്ങളിൽ നിന്ന് റിയലിസ്റ്റിക് ഇമേജുകൾ രൂപപ്പെടുത്തുന്നത് സാധ്യമാക്കിയിട്ടുണ്ട്.
ഡീപ് ഫേക്ക് അശ്ലീല ചിത്രങ്ങളുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്നവരെക്കുറിച്ചുള്ള പരാതികൾ പാശ്ചാത്യ ലോകത്ത് വ്യാപകമാകുകയാണ്. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നവർ പണം വാങ്ങി ക്വട്ടേഷനെടുത്ത് ആവശ്യക്കാർ നൽകുന്ന ചിത്രങ്ങളുപയോഗിച്ച് അശ്ലീല വീഡിയോകൾ നിർമിച്ചു നൽകുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇരകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും സമ്മതമില്ലാത്ത മുതിർന്നവരും ഉൾപ്പെടുന്നുവെന്ന് എഫ്ബിഐ കൂട്ടിച്ചേർത്തു. ഇങ്ങനെ 'സെക്‌സ്റ്റോർഷൻ' റാക്കറ്റുകൾക്ക് ആക്കം കൂട്ടുന്ന ഡീപ്ഫേക്ക് അശ്ലീലത്തിന്റെ കുതിച്ചുചാട്ടത്തെ നിയന്ത്രിക്കാൻ ഈ സാങ്കേതിക വിദ്യ കണ്ടെത്തിയവർക്ക് പോലും സാധിക്കാത്ത അവസ്ഥയിലേക്കാണ് ലോകം നീങ്ങുന്നത്.