ഏറെ ജനപ്രിയ സോഷ്യൽ മീഡിയ വെബ്‌സൈറ്റായ ട്വിറ്ററിനെ അടിമുടി മാറ്റി റീബ്രാൻഡ് ചെയ്തിരിക്കുകയാണ് അതിന്റെ ഉടമയായ ഇലോൺ മസ്‌ക്. ലോകമെമ്പാടുമുള്ള നെറ്റിസൺസിന്റെ മനസ്സിൽ പതിഞ്ഞു പോയ അതിന്റെ ലോഗോയായ നീലക്കിളിയും മസ്‌ക് പറത്തി വിട്ടു. ട്വിറ്റർ എന്ന പേര് തന്നെ ഇല്ലാതായി. ഇപ്പോൾ X എന്ന പുതിയ ലോഗോയും പേരുമാണ് നൽകിയിരിക്കുന്നത്.
ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഇലോൺ മസ്‌ക് ഏറ്റെടുത്ത ശേഷം നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നിരുന്നത്. ഇതിനോടെല്ലാം ട്വിറ്റർ ഉപഭോക്താക്കൾ നന്നായി സഹകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ പേരുമാറ്റവും ലോഗോമാറ്റവും ലോകമെമ്പാടുമുള്ള ട്വിറ്റർ ഉപഭോക്താക്കൾക്ക് അത്രയ്ക്കങ്ങ് പിടിച്ച മട്ടില്ല. പ്രത്യേകിച്ചും ഈ പ്ലാറ്റ്‌ഫോമിനെ എക്കാലവും വേറിട്ടു നിർത്തിയിരുന്ന ലോഗോയായ നീലക്കിളിയെ പറത്തിവിട്ട മസ്‌കിനോട് യോജിക്കാനാകില്ലെന്ന മട്ടിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കമന്റുകൾ നിറയുന്നത്.
ട്വിറ്ററിന്റെ ലോഗിൻ പേജിലും ഹോം പേജിൽ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന നീലക്കിളിയുടെ ലോഗോ മാറ്റി X എന്ന പുതിയ ലോഗോ സ്ഥാപിച്ചത് അത്രത്തോളം ആകർഷകമല്ലെന്നാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങൾ. എന്തെല്ലാം മാറ്റങ്ങൾ വരുത്തിയാലും നീലക്കിളിയെ പറത്തി വിടേണ്ടായിരുന്നുവെന്നും അവർ പരിഭവം പറയുന്നു. പേരുമാറ്റവും അത്രയ്ക്കങ്ങ് ഇഷ്ടമായിട്ടില്ല. ട്വിറ്റർ എന്ന പേര് X.കോം എന്നായി മാറി. നിലവിൽ X.കോം എന്ന് സെർച്ച് ചെയ്താൽ ട്വിറ്ററിന്റെ പേജിലാക്കാണ് എത്തുക.
പേരും ലോഗോയും മാത്രമല്ല, വലിയ മാറ്റങ്ങളാണ് ഇനിയും ട്വിറ്ററിൽ വരുത്താൻ പോകുന്നതെന്നാണ് ഇലോൺ മസ്‌ക് പറയുന്നതെങ്കിലും ഉപഭോക്താക്കൾ ആകെ കൺഫ്യൂഷനിലാണ്.
ട്വിറ്ററിൽ പോസ്റ്റുകൾ ചെയ്യുന്നതിന് ട്വീറ്റ് ചെയ്യുകയെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ട്വിറ്റർ എന്ന പേര് തന്നെ മാറുന്നതോടെ ഇനി ഇതിനെ എന്ത് പറയുമെന്നതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചൂടൻ ചർച്ച. ട്വിറ്റർ വീഡിയോകളെ ഇനി മുതൽ X വീഡിയോകൾ എന്ന് വിളിക്കേണ്ടി വരും.
അടിമുടിയുള്ള മാറ്റത്തിലൂടെ വലിയ സ്വപ്‌നങ്ങളാണ് ഇലോൺ മസ്‌ക് പങ്കുവെയ്ക്കുന്നത്.
ഇതുവരെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായിരുന്ന ട്വിറ്ററിനെ ഫെയ്‌സ് ബുക്കിന് സമാനമായ രീതിയിൽ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാകുന്ന വിശാലമായ പ്ലാറ്റ്‌ഫോമാക്കി മാറ്റുകയെന്നതാണ് മസ്‌ക് ലക്ഷ്യം വെച്ചിട്ടുള്ളത്. ചൈനയുടെ വീചാറ്റിന്റെ മാതൃകയിലുളള പ്ലാറ്റ്‌ഫോമാക്കി മാറ്റുകയെന്നതാണ് ഉദ്ദേശ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ഓഡിയോ, വീഡിയോ മെസേജിംഗ് സൗകര്യങ്ങൾ എന്നിവ മാത്രമല്ല, പണമിടപാടുകൾ, ബാങ്കിംഗ് സേവനങ്ങൾ എന്നിവയടക്കം ഒരു സമ്പൂർണ പ്ലാറ്റ്‌ഫോമാക്കി മാറ്റുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മസ്‌കിന്റെ സ്വപ്‌നങ്ങൾ എന്തൊക്കെയായാലും ട്വിറ്റർ എന്ന പേരും അതിലെ നീലക്കിളിയെയും ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് സോഷ്യൻ മീഡിയ ഉപഭോക്താക്കൾ പറയുന്നത്.