Sorry, you need to enable JavaScript to visit this website.

മോഡിയുടെ പരിപാടിയിൽ തന്റെ സ്വാഗത പ്രസംഗം ഒഴിവാക്കിയെന്ന് ഗെലോട്ട്; മറുപടിയുമായി പി.എം.ഒ

ജയ്പുര്‍- രാജസ്ഥാനില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ തന്റെ സ്വാഗത പ്രസംഗം പ്രധാനമന്ത്രിയുടെ ഓഫീശ് (പിഎംഒ) ഇടപെട്ട് റദ്ദാക്കിയതായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. സികാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയിലെ പ്രസംഗമാണ് ഒഴിവാക്കിയതെന്ന് ഗെലോട്ട് ആരോപിച്ചു. എന്നാല്‍ ഗെലോട്ട് പങ്കെടുക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചതെന്ന് പിഎംഒ പ്രതികരിച്ചു.

പ്രധാനമന്ത്രിയെ താന്‍ ട്വീറ്റിലുടെ സ്വാഗതം ചെയ്യുകയാണെന്നും പിഎംഒ ഇടപെട്ട് പ്രസംഗം റദ്ദാക്കിയതിനാലാണ് ഇതു ചെയ്യുന്നതെന്നും ഗെലോട്ട് ട്വീറ്റ് ചെയ്തു. മൂന്നു മിനിറ്റ് നേരം ദൈര്‍ഘ്യമുള്ള മുന്‍കൂട്ടി തയാറാക്കിയ പ്രസംഗമാണ് പിഎംഒ റദ്ദാക്കിയതെന്ന് ട്വീറ്റില്‍ പറയുന്നു. 

സികാറിലെ പരിപാടിയില്‍ ഗെലോട്ടിന്റെ സാന്നിധ്യത്തെ അങ്ങേയറ്റം വിലമതിക്കുന്നതായി പിഎംഒ ട്വീറ്റിനു മറുപടി നല്‍കി. പ്രോട്ടോകോള്‍ അനുസരിച്ച് മുഖ്യമന്ത്രിയെ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു, പ്രസംഗവും അനുവദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് എത്താനാവില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചത്- പിഎംഒ പറഞ്ഞു.

കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികളാണ് പ്രധാനമന്ത്രിക്ക് സികാറില്‍ നിശ്ചയിച്ചിട്ടുള്ളത്.

 

Latest News