കടലൂര്‍ (തമിഴ്‌നാട്) - പോത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ഒടുവില്‍ പോത്തിന് പരീക്ഷ നടത്തി പരിഹരിച്ചിരിക്കുകയാണ് പോലീസ്. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍കോവിലിലാണ് സംഭവം നടന്നത്. തങ്ങള്‍ നടത്തിയ 'സ്‌നേഹപരീക്ഷ'യില്‍ വിജയിച്ചയാള്‍ക്കൊപ്പം ഒടുവില്‍ പോലീസ് പോത്തിനെ വിട്ടയക്കുകയായിരുന്നു. വിസിലടിക്കുന്ന ശബ്ദം കേട്ടാണ് പോത്ത് തന്റെ യഥാര്‍ത്ഥ ഉടമയെ തിരിച്ചറിഞ്ഞത്. ചിദംബരത്തിനടുത്തുള്ള വീരചോഴന്‍ ഗ്രാമത്തിലെ കന്നുകാലി കര്‍ഷകയായ ദീപയുടെ കൃഷിയിടത്തില്‍ നിന്ന് ആറ് പോത്തുകളെ ആറ് മാസം മുന്‍പ് കാണാതായിരുന്നു. ഇതില്‍ അഞ്ചെണ്ണത്തിനെ വീരചോഴന്‍ ഗ്രാമത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള പഴഞ്ചനല്ലൂര്‍ ഗ്രാമത്തിലെ പളനിവേല്‍ എന്ന കര്‍ഷകന്റെ കൂടെയുണ്ടെന്ന് കണ്ടെത്തുകയും ദീപ ഇതിനെ തിരിച്ചു കൊണ്ടു പോകുകയും ചെയ്തു. അലഞ്ഞു തിരിഞ്ഞു നടന്ന പോത്തുകളെം താന്‍ തന്റെ ഫാമില്‍ എത്തിക്കുകയാണുണ്ടാതെന്നാണ് പളനിവേല്‍ പറഞ്ഞത്. എന്നാല്‍ പഴനിവേലിന്റെ ഫാമിലുള്ള മറ്റൊരു പോത്ത് തന്റെ കാണാതായ ആറാമത്തെ പോത്താണെന്ന് പറഞ്ഞ് ദീപ രംഗത്തെത്തി. ഇത് താന്‍ പണം കൊടുത്ത് വാങ്ങിയ പോത്താണെന്ന് പറഞ്ഞ് ഇതിനെ വിട്ടുകൊടുക്കാന്‍ പളനിവേല്‍ തയ്യാറായില്ല. ഇത് പളനി വേല്‍ പണം നല്‍കി വാങ്ങിയ പോത്താണെന്ന് പറഞ്ഞ് ഗ്രാമവാസികളും അദ്ദേഹത്തിനൊപ്പം നിന്നു. ഒടുവില്‍ ഉടമസ്ഥാവകാശ തര്‍ക്കം പോലീസിലെത്തിയപ്പോഴാണ് യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ കാട്ടുമണ്ണാര്‍ക്കോവില്‍ പോലീസ് വിചിത്രമായ പരീക്ഷ നടത്തിയത്. പോത്ത് ആരാടാണോ സ്‌നേഹം കാണിക്കിന്നത് അവരായിരിക്കും പോത്തിന്റെ യഥാര്‍ത്ഥ ഉടമയെന്ന് പോലീസ് തീരുമാനിച്ചു. പോത്തിനെ സ്‌റ്റേഷനിലെത്തിച്ച ശേഷം സ്‌നേഹപരീക്ഷ നടത്തുകയും ചെയ്തു. പളനിവേലിന്റെ വിസിലടി കേട്ടപ്പോള്‍ പോത്ത് ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു. ദീപയ്‌ക്കൊപ്പം പോകാന്‍ പോത്ത് മടി കാണിക്കുകയും ചെയ്തു. ഇതോടെ തല്‍ക്കാലത്തേക്ക് പോത്തിനെ പളനിവേലിന് കൊണ്ടുപോകാം എന്ന് പോലീസ് തീരുമാനിച്ചു. ഇരു കൂട്ടരുടെയും വാദങ്ങളെ പിന്തുണയ്ക്കുന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കണമെന്ന് പോലീസ് നിര്‍ദേശിക്കുകയംു ചെയ്തു. ഇന്നലെ തെളിവുകളുമായി എത്താനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ആരും സ്റ്റേഷനിലെത്തിയില്ല. ഇതോടെ തലവേദന ഒഴിഞ്ഞ ആശ്വാസത്തിലാണ് പോലീസ്.