Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപി പളളിയിലെ സർവേയിൽ അതൃപ്തി പ്രകടിപ്പിച്ച് കോടതി

ലഖ്‌നൗ- വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന ശാസ്ത്രീയ സർവേയുടെ രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. സർവ്വേയുടെ കൂടുതൽ വിശദാംശങ്ങൾ നൽകണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് കോടതി ആവശ്യപ്പെട്ടു. കേസിൽ വാദം കേൾക്കൽ തുടരുമെന്നും നാളെ വൈകുന്നേരം വരെ സർവേ നടത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. സർവേയിൽ സുപ്രീം കോടതി ഏർപ്പെടുത്തിയ സ്‌റ്റേ നീട്ടി. ജൂലൈ 24-നാണ് വിശദമായ സർവേക്ക് കോടതി ഉത്തരവിട്ടത്. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദ്, ഒരു ഹിന്ദു സംഘടന വാദിക്കുന്നതുപോലെ, ഒരു ക്ഷേത്രത്തിന്മേൽ പണിതതാണോ എന്ന് നിർണ്ണയിക്കാനാണ് സർവേ നടത്താൻ നിർദ്ദേശിച്ചത്. രാമജന്മഭൂമി പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ, സർവേയുമായി മുന്നോട്ട് പോകുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്ന് അനാവശ്യമായ തിടുക്കം ആരോപിച്ച് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർവേയുടെ രീതി സംബന്ധിച്ച് ആർക്കിയോളജിക്കൽ സർവേയുടെ പ്രതികരണം അലഹബാദ് കോടതിയെ തൃപ്തിപ്പെടുത്തിയില്ല, നിലവിലുള്ള പള്ളിക്ക് കേടുപാടുകൾ വരുത്താതെ എങ്ങനെ സർവേ നടത്താം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കോടതി ആവശ്യപ്പെട്ടിരുന്നു.
1000 വർഷം പഴക്കമുള്ള കെട്ടിടത്തിന് താഴെയുള്ള മണ്ണ് കുഴിച്ചാൽ പള്ളി തകരാൻ സാധ്യതയുണ്ടെന്ന് മസ്ജിദ് കൈകാര്യം ചെയ്യുന്ന അഞ്ജുമാൻ ഇസ്ലാമിയ കമ്മിറ്റി വാദിച്ചു. അവസാന ഘട്ടത്തിൽ ഖനനം ആവശ്യമായി വന്നേക്കുമെന്ന് ഹിന്ദു സംഘടന പറഞ്ഞു. 'എഎസ്ഐ റഡാർ മാപ്പിംഗ് നടത്തുമെന്നും സാഹചര്യങ്ങൾ ആവശ്യപ്പെട്ടാൽ ഖനനം നടത്തുമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിഭാഷകൻ പറഞ്ഞു. ഒന്നുകിൽ നിങ്ങൾ സർവേ വീഡിയോഗ്രാഫ് ചെയ്യുക. അല്ലെങ്കിൽ പള്ളിക്ക് കേടുപാടുകൾ സംഭവിക്കില്ലെന്ന് ഉറപ്പു നൽകുകയെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, ഈ ഉറപ്പിൽ വിശ്വാസമില്ലെന്ന് മസ്ജിദ് കമ്മിറ്റി പറഞ്ഞപ്പോൾ, കോടതിയിൽ നിന്ന് രൂക്ഷമായ മറുപടിയാണ് ലഭിച്ചത്.  'നിങ്ങൾ ആരെയും വിശ്വസിക്കാത്തപ്പോൾ, ഞങ്ങളുടെ വിധിയെ എങ്ങനെ വിശ്വസിക്കുമെന്ന് ജഡ്ജിമാർ ചോദിച്ചു. 

Latest News