Sorry, you need to enable JavaScript to visit this website.

ഹരിത പതാക നിരോധിക്കാന്‍ ഹരജി; കേന്ദ്രത്തിന്റെ അഭിപ്രായം തേടി

ന്യൂദല്‍ഹി- ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവുമുള്ള പച്ച നിറത്തിലുള്ള പതാകകള്‍ നിരോധിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി. ബന്ധപ്പെട്ട മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍നിന്ന് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ തേടാനാണ് ജസ്റ്റിസ് എ.കെ സിക്രി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടത്.
ഉത്തര്‍പ്രദേശ് ശിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യദ് വസീം റിസ്‌വി നല്‍കിയ ഹരജി കോടതി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. പച്ച നിറത്തില്‍ ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവുമുള്ള പതാകകള്‍ക്ക് പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെ പതാകയോട് സാദൃശ്യമുണ്ടെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. പാക്കിസ്ഥാന്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്ന നമ്മുടെ ശത്രുരാജ്യമാണെന്നാണ് ഹരജിക്കാരന്റെ വാദം.
ശത്രു രാജ്യത്തെ പാര്‍ട്ടിയുടെ പതാക ഉപയോഗിക്കുന്ന ഇന്ത്യയിലെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്. 1906 ല്‍ സ്ഥാപിച്ച സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റേതാണ് പച്ച പ്രതലത്തില്‍ അര്‍ധ ചന്ദ്രനും നക്ഷത്രവും ആലേഖനം ചെയ്ത പതാക. വിഭജനശേഷം 1948 ല്‍ ഇന്ത്യയില്‍ രൂപീകരിച്ച ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ പതാകയിലും പച്ച പ്രതലത്തില്‍ അര്‍ധ ചന്ദ്രനും നക്ഷത്രവും ഉണ്ടെന്ന് ഹരജിക്കാരന്‍ ആരോപിച്ചു.

 

Latest News