കൊച്ചി- ഓണത്തിന് തിയേറ്ററുകളില്‍ യുവതാരങ്ങളുടെ നാല് ചിത്രങ്ങള്‍ ഏറ്റുമുട്ടും. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഒഫ് കൊത്ത, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ ഒരുമിക്കുന്ന ആര്‍ഡിഎക്‌സ് എന്നീ ചിത്രങ്ങള്‍ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മാസ് ആക്ഷന്‍ ചിത്രങ്ങളായി തിയേറ്ററുകളെ സമ്പന്നമാക്കും. പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന സംഘട്ടന രംഗങ്ങള്‍ തന്നെയാണ് ഇരു ചിത്രങ്ങളുടെയും ഹൈലൈറ്റ്. നിവിന്‍ പോളി ചിത്രം രാമചന്ദ്രബോസ് ആന്‍ഡ് കോ പൂര്‍ണമായും കോമഡി ട്രാക്കില്‍പ്പെട്ടതാണ്. നിരഞ്ജ് മണിയന്‍പിള്ള രാജു നായകനാവുന്ന അച്ഛനൊരു വാഴവെച്ചു കുടുംബ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകനായ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്ത ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ഗോകുല്‍ സുരേഷ്, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, അനിഖ സുരേന്ദ്രന്‍, ഷബീര്‍ കല്ലറക്കര്‍, ചെന്നൈ ശരണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. രചന അഭിലാഷ് എന്‍.ചന്ദ്രന്‍. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ ഡി എക്‌സില്‍ ഐമ റോസ്മിയും മഹിമ നമ്പ്യാരുമാണ് നായികമാര്‍. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. രചന ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ്. ത്രില്ലര്‍ ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകന്‍ ഹനീഫ് അദേനി രാമചന്ദ്രബോസ് ആന്‍ഡ് കോയിലൂടെ ആദ്യമായി ട്രാക്ക് മാറ്റം നടത്തുകയാണ്. ആര്‍ഷ ചാന്ദിനി ബൈജുവും മമിത ബൈജുവുമാണ് നായികമാര്‍. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, വിജിലേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന അച്ഛനൊരു വാഴ വെച്ചു എന്ന ചിത്രത്തില്‍ ആത്മീയ രാജന്‍ ആണ് നായിക. എ.വി. അനൂപ്, ശാന്തികൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ്. രചന മനുഗോപാല്‍. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രദര്‍ശനത്തിന് എത്തിക്കും.