ടെല്‍അവീവ്- സുപ്രിം കോടതിയുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്‍ ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. സര്‍ക്കാരിനുമേല്‍ കോടതികളുടെ സ്വാധീനം പരിമിതപ്പെടുത്താനാണ് പ്രധാനമായും ഈ ബില്‍ ഉദ്ദേശിക്കുന്നത്.
പുതിയ നിയമം യുക്തിരഹിതമായ സര്‍ക്കാര്‍ നടപടികളെ അസാധുവാക്കാനുള്ള സുപ്രിം കോടതിയുടെ അധികാരം ഇല്ലാതാക്കുന്നു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിന്് ബില്‍ കാരണമാകുമെന്നും അത് രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് ഭീഷണിയാണെന്നും വിമര്‍ശകര്‍ വാദിക്കുന്നു.
നാണക്കേട് എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം ബില്‍ ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയതോടെ എതിരില്ലാതെ 64 വോട്ടിനാണ് പാസായത്. ബില്ലില്‍ ഭേദഗതി വരുത്തുന്നതിനും പ്രതിപക്ഷവുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനും അവസാന നിമിഷം നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
30 മണിക്കൂറോളം നീണ്ട തുടര്‍ച്ചയായ ഫ്ളോര്‍ ഡിബേറ്റിന് ശേഷമാണ് പാര്‍ലമെന്ററി വോട്ടെടുപ്പ് നടന്നത്. അതേസമയം ബില്ലിനെ എതിര്‍ക്കുന്നവര്‍ വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിയമനങ്ങള്‍, കാബിനറ്റ് മന്ത്രിമാരുടെ തീരുമാനങ്ങളുടെ യുക്തി എന്നിവ പരിശോധിക്കുന്നതില്‍ നിന്ന് കോടതികളെ വിലക്കിയിരിക്കുന്നുവെന്നാണ് ടൈംസ് ഓഫ് ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് ബ്രാഞ്ചുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള കോടതികളുടെ കഴിവിനെ ഇത് ദുര്‍ബലപ്പെടുത്തും. ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പദ്ധതി ഉപേക്ഷിക്കാന്‍ പ്രതിഷേധക്കാര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ബില്ലിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം തുടരുകയാണ്.