ന്യൂദൽഹി- ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വിദൂര ഗ്രാമത്തിലെത്തിയ ഇന്ത്യൻ യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പിതാവ്. മനോവിഭ്രാന്തിയും വിചിത്ര സ്വഭവവമുള്ള മകളാണെന്നും അവൾ ഒരു ബന്ധത്തിലും ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ബന്ധം പ്രണയത്തിലേക്ക് വളർന്ന യുവാവിനെ തേടിയാണ് വിവാഹിതയായ അഞ്ജു പാകിസ്ഥാനിലേക്ക് നിയമപരമായി യാത്ര ചെയ്തതന്നായിരുന്നു റിപ്പോർട്ടുകൾ. വിസ നേടിയുള്ള യാത്ര ആയതിനാൽ പാക് അധികൃതർ തടഞ്ഞിരുന്നില്ല.
ഉത്തർപ്രദേശിലെ കൈലോർ ഗ്രാമത്തിൽ ജനിച്ച അഞ്ജു (34) രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് താമസിച്ചിരുന്നത്. അഞ്ജുവും പാകിസ്ഥാൻ പൗരനായ 29 കാരൻ നസ്‌റുല്ലയും 2019 ലാണ് ഫേസ്ബുക്കിൽ സുഹൃത്തുക്കളായത്. നസ്‌റുല്ലയെ കാണാൻ സാധുവായ പാകിസ്ഥാൻ വിസയിൽ ട്രൈബൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അപ്പർ ദിർ ജില്ലയിലേക്ക് അഞ്ജു യാത്ര ചെയ്തിട്ടുണ്ട്.
വിവാഹിതയായി രാജസ്ഥാനിലെ ഭിവാദിയിലേക്ക് താമസം മാറിയതിന് ശേഷം കഴിഞ്ഞ 20 വർഷമായി തനിക്ക് അവളുമായി യാതൊരു ബന്ധവുമില്ലെന്നും രണ്ട് കുട്ടികളുള്ള അവൾക്ക് പ്രണയ ബന്ധമൊന്നുമില്ലെന്നും അഞ്ജുവിന്റെ അച്ഛൻ പറയുന്നു.
അഞ്ജുവിന്റെ അച്ഛൻ ഗയാ പ്രസാദ് തോമസ് ഗ്വാളിയോർ ജില്ലയിലെ തേകൻപൂർ ടൗണിനടുത്തുള്ള ബൗന ഗ്രാമത്തിലാണ് മാധ്യമപ്രവർത്തകരോട് മകളെ കുറിച്ച് സംസാരിച്ചത്.
മൂന്ന് വയസ്സുള്ളപ്പോൾ മുതൽ ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ അമ്മാവനൊപ്പമാണ് അഞ്ജു താമസിച്ചിരുന്നതെന്നും അവിടെ താമസിക്കുമ്പോഴാണ് വിവാഹം കഴിച്ചതെന്നും തോമസ് പറഞ്ഞു.ആരെയും അറിയിക്കാതെ പാക്കിസ്ഥാനിലേക്ക് പോയത് അവളുടെ ഭാഗത്തുനിന്നുള്ള തെറ്റാണ്. എപ്പോഴാണ് പാകിസ്ഥാനിലേക്ക് പോയതെന്ന് തനിക്കറിയില്ലെന്നും അവളുടെ രണ്ട് കുട്ടികൾ അവരുടെ അച്ഛനോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
മരുമകൻ വളരെ ലാളിത്യമുള്ള വ്യക്തിയാണ്. അവളുടെ സ്വഭാവം വിചിത്രമാണ്, പക്ഷേ എന്റെ മകൾക്ക് സുഹൃത്തുമായി മറ്റൊരു തരത്തിലുള്ള ബന്ധവും ഉണ്ടാകില്ലെന്നും അക്കാര്യം തനിക്ക് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.അഞ്ജു പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നും കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്നും അവളുടെ വിചിത്ര സ്വഭാവം കാരണമാണ് താൻ അവളെ ഉപേക്ഷിച്ചതെന്നും പിതാവ് പറഞ്ഞു.