Sorry, you need to enable JavaScript to visit this website.

തമിഴ്നാട് ഫിലിം ഇന്‍ഡസ്ട്രിക്കു  വര്‍ഷം 150 കോടി നഷ്ടം വരും-വിനയന്‍ 

ചെന്നൈ-തമിഴ് സിനിമകളില്‍ ഇനി തമിഴ് അഭിനേതാക്കള്‍ മാത്രം മതിയെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്സിയുടെ) പുതിയ നിബന്ധനയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.
ഇന്ത്യ ഒന്നാണ്.. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നൊക്കെ പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്നാടു സിനിമാ സംഘടനകള്‍ നീങ്ങുന്നത്.. കുറേ ദിവസമായി ഈ വാര്‍ത്തകള്‍ വന്നിട്ടും തമിഴ്നാടു സര്‍ക്കാര്‍ അതിനെ എതിര്‍ക്കാന്‍ തയ്യാറായിട്ടില്ല.. മാത്രമല്ല ഇപ്പോള്‍ ഈ വാദത്തിന് അവിടെ സപ്പോര്‍ട്ട് ഏറി വരികയാണന്നറിയുന്നു.. നമ്മുടെ സാംസ്‌കാരിക വകുപ്പാണങ്കില്‍ സിനിമാക്കാരുടെ പ്രശ്നങ്ങളില്‍ ഞങ്ങളീ നാട്ടുകാരല്ല എന്ന സമീപനമാണ് പലപ്പോഴും എടുക്കുന്നത്.ഈ നീക്കം വളരാനനുവദിച്ചാല്‍ അതൊരുതരം വിഘടന വാദത്തിനു തുല്യമാണ്.. ഇതു മുളയിലേ നുള്ളിക്കളയണം.. ഏതു സ്റ്റേറ്റില്‍പ്പെട്ടവര്‍ക്കും ഏതു ഭാഷയില്‍ പെട്ടവര്‍ക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാനാവില്ല..
കേരളത്തില്‍ ഹിറ്റാകുന്ന മലയാള ചിത്രങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ വലിയ കളക്ഷനാണ് വിജയ്യുടെയും, കമലാ ഹാസന്റെയും, രജനീകാന്താന്റെയും സൂര്യയുടെയും ഒക്കെ ചിത്രങ്ങള്‍ ഇവിടുന്നു വാരിക്കൊണ്ടു പോകുന്നത്.. നമ്മള്‍ അവരെ വേറിട്ടു കാണുന്നില്ല എന്നതാണു സത്യം..
കേരളത്തിലെ തീയറ്ററുകളില്‍ തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകള്‍ എടുത്താല്‍ കുറഞ്ഞത് 150 കോടി രുപയെങ്കിലും തമിഴ്നാട് ഫിലിം ഇന്‍ഡസ്ട്രിക്കു ഒരു വര്‍ഷം നഷ്ടമാകും. മാത്രമല്ല ഹിറ്റാകുന്ന മലയാള ചിത്രങ്ങള്‍ക്ക് പോലും തമിഴ് നാട്ടിലെ തീയറ്ററുകളില്‍ കിട്ടുന്നത് വളരെ വളരെ തുഛമായ കളക്ഷനുമാണന്നോര്‍ക്കണം.
തമിഴ് സിനിമ തമിഴര്‍ക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലങ്കില്‍ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാന്‍ മലയാളസിനിമയിലെ നിര്‍മ്മാതാക്കളും, തീയറ്റര്‍ ഉടമകളും, വിതരണക്കാരും എത്രയുംവേഗം തയ്യാറാകണമെന്നാണ് എന്റെ അഭിപ്രായം..വിക്രമിനെ അവതരിപ്പിച്ച 'കാശി' ഉള്‍പ്പെടെ കുറച്ചു ചിത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ച തമിഴകത്തോട് എനിക്കു സ്നേഹമുണ്ടങ്കിലും അവരുടെ ഈ സങ്കുചിത മനസ്ഥിതിയോടു യോജിക്കാനാവുന്നില്ല-വിനയന്‍ കുറിപ്പില്‍ വ്യക്തമാക്കി. 
 

Latest News