ന്യൂദല്‍ഹി- സംശയകരമായ നിയമന നീക്കങ്ങള്‍ക്കിടെ രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലെ (സി.ബി.ഐ) ഉന്നതാധികാരികള്‍ക്കിടയിലെ ഭിന്നത പരസ്യമായി. സി.ബി.ഐ ഡയറക്ടറായ അലോക് വര്‍മയുടെ അഭാവത്തില്‍ മേധാവിയുടെ ചുമതലകള്‍ വഹിക്കാന്‍ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ഓഫീസറായ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് അധികാരമില്ലെന്നാണ് സി.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്. സി.ബി.ഐ നയരൂപീകരണ സമിതി കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിബിഐയിലേക്ക് പുതുതായി നിയമിക്കാന്‍ പരിഗണനയിലുള്ള നിരവധി ഓഫീസര്‍മാര്‍ സിബിഐ തന്നെ അന്വേഷിക്കുന്ന ക്രിമിനല്‍ കേസുകള്‍ പ്രതികളോ കുറ്റാരോപിതരോ ആണെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.
സി.ബി.ഐ അധികാരികളില്‍ രണ്ടാമനായ അസ്താന തന്നെ പല കേസുകളിലും കുറ്റാരോപിതനാണ്. ഈ പശ്ചാത്തലത്തില്‍ പുതിയ ഓഫീസര്‍മാരെ നിയമിക്കുന്ന കാര്യത്തില്‍ ഡയറക്ടറുടെ അഭാവത്തില്‍ അസ്താനയുമായി കൂടിയാലോചന നടത്തരുത്. ഇത് ഏജന്‍സിയുടെ വിശ്വാസ്യത കാക്കാന്‍ അത്യാവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുതുതായി ഓഫീസര്‍മാരെ നിയമിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനകള്‍ക്കും മറ്റു നടപടികള്‍ക്കും മതിയായ സമയം മുന്‍കൂറായി നല്‍കണമെന്നും സിബിഐ ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിബിഐ ഉന്നത സമിതി ഉന്നയിച്ച ഈ പ്രശ്‌നത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വളരെ പ്രാധാന്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ കേസുകളില്‍ അന്വേഷണം നടത്തി വരുന്ന ഏജന്‍സിയാണ് സിബിഐ.
ജൂലൈ 12-ന് സി.ബി.ഐ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരണമെന്നറിയിച്ച് വിജിലന്‍സ് കമ്മീഷന്‍ ജൂലൈ 10-ന് ടെലിഫോണ്‍ മുഖേന സി.ബി.ഐയെ ബന്ധപ്പെട്ടിരുന്നു. ഇതിനുള്ള നല്‍കിയ രണ്ടു മറുപടി കത്തുകളിലായാണ് സി.ബി.ഐ ആശങ്കകള്‍ പങ്കുവച്ചിരിക്കുന്നത്. രണ്ടു കത്തുകളും സി.ബി.ഐ ഡയറക്ടറുടെ അനുമതിയോടെയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. യോഗത്തിന് ഔദ്യോഗികമായി ഒരു അജണ്ടയും നിശ്ചയിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കുന്നു.
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അജണ്ടയില്ലാതെ സി.ബി.ഐ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരാനാവില്ലെന്ന് മേയില്‍ വ്യക്തമാക്കിയത് വീണ്ടും സി.ബി.ഐ വിജിലന്‍സ് കമ്മീഷനെ ഓര്‍മ്മപ്പെടുത്തി. പുതിയ നിയമനത്തിന് പരിഗണിക്കുന്ന ഓഫീസര്‍മാരെ കുറിച്ച് അന്വേഷിക്കുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും മതിയായ സമയം ആവശ്യമാണെന്ന് മേയ് 18, 2018നയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സി.ബി.ഐ അറിയിക്കുന്നു. തൊട്ടു മുമ്പ് ചേര്‍ന്ന സിബിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പുതിയ നിയമനത്തിന് ശുപാര്‍ശ ചെയ്തവരില്‍ പലരും സിബിഐ അന്വേഷിക്കുന്ന കേസുകളിലെ പ്രതികളോ സംശയിക്കപ്പെടുന്നവരോ ആണെന്ന് സിബിഐ കത്തില്‍ അറിയിച്ചു. ഇക്കാര്യം മുന്‍ സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളിലും വിജിലന്‍സ് കമ്മീഷനും സിബിഐയും സംയുക്തമായി നടത്തുന്ന പ്രതിമാസ യോഗങ്ങളിലും ഔദ്യോഗികമായി അറിയിച്ചതാണെന്നും സിബിഐ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയ സിബിഐ ജൂലൈ 12ലെ യോഗം 19ലേക്ക് മാറ്റിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സിബിഐ ഡയറക്ടര്‍ അലോക് വര്‍മ ഇന്റര്‍പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഉറുഗ്വായിലെ പുന്ത ദെല്‍ എസ്‌തെയിലാണ്. ഇതിനിടെയാണ് ഡയറക്ടറുടെ ചുമത വഹിക്കുന്ന ഓഫീസറെ- രാകേഷ് അസ്താന- യോഗത്തിലേക്ക് ക്ഷണിച്ച് വിജിലന്‍സ് കമ്മീഷന്‍ സി.ബി.ഐയെ ഫോണില്‍ ബന്ധപ്പെട്ടത്. ഡയറക്ടറുടെ ചുമതല അസ്താനയ്ക്കു നല്‍കിയി്ട്ടില്ലെന്നായിരുന്നു ഇതിനു സി.ബി.ഐ നല്‍കിയ മറുപടി. സിബിഐ അന്വേഷിക്കുന്ന ചില കേസുകളില്‍ അസതാനയുടെ പങ്കിനെ കുറിച്ച് സംശയങ്ങളുള്ള പശ്ചാത്തലത്തിലാണിതെന്നും സി.ബി.ഐ വ്യക്തമാക്കുന്നു.
ഇപ്പോള്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ജോയിന്റ് ഡയറക്ടറായ യുപി ഐപിഎസ് ഓഫീസര്‍ ജ്യോതി നാരായണിനെ സി.ബി.ഐയില്‍ ജോയിന്റ് ഡയറക്ടറായി നിയമിക്കുന്നതു സംബന്ധിച്ചുള്ള സംശയങ്ങളും സി.ബി.ഐ ഉന്നയിക്കുന്നു. സിബിഐ അന്വേഷിക്കുന്ന ഒരു ക്രിമിനല്‍ കേസില്‍ സംശയത്തിന്റെ നിഴലിലുള്ള ഓഫീസറാണ് നാരായണ്‍. നാരായണിനെ സിബിഐയില്‍ നിയമിക്കാനുള്ള നീക്കങ്ങളാണ് അസ്താന നടത്തി വരുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം അസ്താനയെ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ചതു മുതലാണ് വിജിലന്‍സ് കമ്മീഷണന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സെലക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെ ആരോപണങ്ങളുയര്‍ന്നത്. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന അസ്താനയെ സിബിഐയില്‍ നിയമിക്കുന്നതിനെതിരെ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും നിയമനം നടക്കുകയായിരുന്നു.