ഹൈദരാബാദ്- ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് 15,000 ഇന്ത്യക്കാരിൽ നിന്ന് 700 കോടി രൂപ കബളിപ്പിച്ച ചൈനീസ് പൗരൻമാർ ഉൾപ്പെട്ട മെഗാ തട്ടിപ്പ് സംഘം ഹൈദരാബാദ് പോലീസിന്റെ വലയിലായി. പണം ദുബായ് വഴി ചൈനയിലേക്ക് അയച്ചതായും അതിൽ ചിലത് ലെബനൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ അക്കൗണ്ടിലേക്കും അയച്ചതായും പോലീസ് പറഞ്ഞു.
ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസികളെ അറിയിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം യൂണിറ്റിന് വിശദാംശങ്ങൾ നൽകിയിട്ടുണ്ടെന്നും ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി ആനന്ദ് പറഞ്ഞു. ഉയർന്ന ശമ്പളമുള്ള സോഫ്റ്റ് വെയർ പ്രൊഫഷണലുകൾക്ക് പോലും 82 ലക്ഷം രൂപ നഷ്ടമായത് ഞെട്ടിപ്പിക്കുന്നതും ആശ്ചര്യകരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പണത്തിന്റെ ഒരു ഭാഗം ക്രിപ്റ്റോ കറൻസിയാക്കി മാറ്റി ഹിസ്ബുള്ളയുടെ എക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. നാലുപേരെ ഹൈദരാബാദിൽ നിന്ന്, മൂന്ന് പേരെ മുംബൈയിൽ നിന്നും രണ്ട് പേരെ അഹമ്മദാബാദിൽ നിന്നുമാണ് പിടികൂടിയത്. ആറ് പേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
28 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പറഞ്ഞ് ഒരാൾ സമീപിച്ചതിനെ തുടർന്ന് ഏപ്രിലിൽ കേസ് അന്വേഷണം ആരംഭിച്ച ഹൈദരാബാദ് പോലീസിന്റെ സൈബർ ക്രൈംബ്രാഞ്ച്, നിക്ഷേപവും പാർട്ട് ടൈം ജോലിയും എന്ന പേരിൽ ആളുകളെ സംഘം കബളിപ്പിച്ചതായി കണ്ടെത്തി. യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യുക, ഗൂഗിൾ റിവ്യൂ എഴുതുക തുടങ്ങിയ ലളിതമായ ജോലികൾ ചെയ്യാൻ അവരോട് ആവശ്യപ്പെടുകയും അവ പൂർത്തിയാക്കുന്നതിന് പണം നൽകുകയും ചെയ്തു.
ഇരകളെ ടെലിഗ്രാമിലും വാട്ട്സാപ്പിലുമാണ് സമീപിച്ചത്. 5,000 രൂപ വരെ ചെറിയ തുക നിക്ഷേപിച്ച ഇവർക്ക് ആദ്യ ടാസ്‌ക് പൂർത്തിയാക്കിയതിന് ശേഷം ചില സന്ദർഭങ്ങളിൽ ഇരട്ടി പണം ഉൾപ്പെടെ ഉയർന്ന വരുമാനം നൽകി. 7-8 ഇടപാടുകൾക്ക് ശേഷമാണ് ഉയർന്ന തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. ഒരു വ്യാജ വിൻഡോയിൽ നിക്ഷേപകർക്ക് ലഭിക്കാനുള്ള പണം എന്ന നിലയിൽ തുക കാണിച്ചു. എന്നാൽ ടാസ്‌ക് സമ്പൂർണമായി പൂർത്തിയാക്കാതെ പണം പിൻവലിക്കാൻ അനുവദിച്ചില്ല.
സൈബർ തട്ടിപ്പുകാർ തന്നെ 28 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശിവ എന്നയാൾ കഴിഞ്ഞ ഏപ്രിലിലാണ് ഹൈദരാബാദ് സൈബർ ക്രൈം ബ്രാഞ്ചിനെ സമീപിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഷെൽ കമ്പനികളുടെ പേരിൽ ആരംഭിച്ച 48 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി. 584 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്ന് ഏജൻസി വിശ്വസിച്ചിരുന്നത്. കൂടുതൽ അന്വേഷണത്തിൽ 128 കോടി രൂപ കൂടി തട്ടിപ്പുകാർ തട്ടിയെടുത്തതായി കണ്ടെത്തി. 113 ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഒന്നിലധികം അക്കൗണ്ടുകളിലൂടെ പണം നീക്കി ക്രിപ്റ്റോകറൻസിയായി മാറ്റി. പിന്നീട് ദുബായ് വഴി ചൈനയിലേക്ക് അയച്ചു. ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയിൽ ആരംഭിച്ച അക്കൗണ്ടുകൾ പിന്നീട് ദുബായിൽ പ്രവർത്തിപ്പിക്കുകയായിരുന്നു. തട്ടിപ്പിന്റെ സൂത്രധാരരായ ചൈനീസ് ഓപ്പറേറ്റർമാരുമായി സംഘം ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അത്തരത്തിലുള്ള ഒരു അക്കൗണ്ട് ഹൈദരാബാദ് ആസ്ഥാനമായുള്ള രാധിക മാർക്കറ്റിംഗ് കമ്പനിയുടെ പേരിലായിരുന്നു, നഗരത്തിൽ നിന്നുള്ള മുനവറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുമായാണ് എക്കൗണ്ട് ബന്ധിപ്പിച്ചത്. അരുൾ ദാസ്, ഷാ സുമൈർ, സമീർ ഖാൻ എന്നീ മൂന്ന് സഹായികളുമായി ലഖ്നൗവിലേക്ക് പോയ മുനവർ 33 ഷെൽ കമ്പനികളുടെ 65 അക്കൗണ്ടുകൾ തുറന്നു. മുനവറിനെ പോലീസ് പിന്നീട് പിടികൂടി.
മനീഷ്, വികാസ്, രാജേഷ് എന്നിവരെയും പോലീസ് പിടികൂടി. തട്ടിപ്പിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പേരുടെ നിർദ്ദേശപ്രകാരമാണ് അക്കൗണ്ട് തുറന്നതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോട് പറഞ്ഞു. ഈ മൂന്ന് പേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. 65 അക്കൗണ്ടുകൾ ഉപയോഗിച്ചു ചൈനീസ് സൂത്രധാരൻമാരായ കെവിൻ ജുൻ, ലീ ലൂ ലാങ്ഷൂ, ഷാഷ എന്നിവർ 128 കോടി രൂപ ട്രാൻസ്ഫർ ചെയ്തു. ദുബായ് ആസ്ഥാനമായുള്ള ഒരു ഗ്രൂപ്പാണ് റിമോട്ട് ആക്സസ് ആപ്പുകൾ ഉപയോഗിച്ച് ചില അക്കൗണ്ടുകൾ നടത്തുന്നത്. ദുബായ് ഗ്രൂപ്പിലെ ആളുകൾക്ക് ചൈനീസ് നെറ്റ്വർക്കുമായി ബന്ധമുണ്ടായിരുന്നതിനാൽ ക്രിപ്റ്റോ വാലറ്റുകളിലേക്ക് പണം കൈമാറുകയായിരുന്നു. ഇതിനായി ഉപയോഗിച്ച ചില വാലറ്റുകൾ അഹമ്മദാബാദ് ആസ്ഥാനമായുള്ള പ്രകാശ് മുൽചന്ദ്ഭായ് പ്രജാപതിയുടെയും കുമാർ പ്രജാപതിയുടെയും ഉടമസ്ഥതയിലുള്ളതാണ്. ഇരുവരും അറസ്റ്റിലായി. ചൈനീസ് ഹാൻഡ്ലർമാരുമായി പ്രകാശ് സംസാരിക്കാറുണ്ടെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് വിവരങ്ങളും അവരുമായി പങ്കുവെക്കാറുണ്ടെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുംബൈയിൽ നിന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ദുബായിൽനിന്ന് തട്ടിപ്പ് നടത്തിയ ആറ് പേരുടെയെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.