കൊച്ചി- രാജ്യത്ത് സുരക്ഷിതമായും വേഗത്തിലും നീതി ഉറപ്പാക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) പ്രയോജനപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യുന്നതിനായി നിയമ, സാങ്കേതികവിദ്യ മേഖലകളിലെ വിദഗ്ധര്‍ കൈകോര്‍ക്കുന്നു. നിയമനീതി മേഖലയിലെ വെല്ലുവിളികളെ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അഭിഭാഷകരുടെയും സാങ്കേതിക വിദഗ്ധരുടെയും സംയുക്ത സംഘടനയായ ഓപ്പണ്‍ എന്‍.വൈ.എ.ഐ ടിങ്കര്‍ഹബ്ബുമായി സഹകരിച്ചാണ് ജൂലൈ 28 മുതല്‍ അഞ്ച് ദിവസത്തെ മേക്കര്‍ റെസിഡന്‍സി കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്.
കളമശ്ശേരിയിലെ ടിങ്കര്‍ ഹബിലാണ് പരിപാടി നടക്കുന്നത്. ആഗസ്റ്റ് ഒന്നിന് പരിപാടി സമാപിക്കും. ജൂലായ് 30 തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ നാല് വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പരിപാടിയില്‍ പങ്കെടുക്കാം. മികച്ച ആശയങ്ങളും പ്രൊജക്ടുകളും ലോകോത്തരമായ സദസ്സിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരവുമുണ്ടാകും.
ഇന്ത്യ, യുകെ, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള നിയമ, സാങ്കേതികവിദ്യ, ഡിസൈന്‍, സാമൂഹിക സംരംഭകത്വ മേഖലകളിലെ വിദഗ്ധരും സംരംഭകരും മേക്കര്‍ റെസിഡന്‍സിയില്‍ പങ്കെടുക്കും. എ.ഐയുടെ ഫലപ്രാപ്തി, എ.ഐയിലെ ധാര്‍മ്മികത, പൊതു സംവിധാനങ്ങളിലെ പരിമിതികളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളില്‍ നിയമ, സാങ്കേതിക വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിക്കും. മേക്കര്‍ റെസിഡന്‍സിയില്‍ പങ്കെടുക്കുന്നവരുടെ ആശയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിദഗ്ധര്‍ വിലയിരുത്തും.
എ.ഐ, നിയമം, നിയമ സാങ്കേതികവിദ്യ, ഡിസൈന്‍, സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് എന്നിവയില്‍ വിദഗ്ധ സെഷനുകള്‍ റെസിഡന്‍സിയില്‍ നടക്കും. ഉത്തരവാദിത്തമുള്ള എ.ഐ വികസനം, യു.ഐ/യു.എക്‌സ് ഡിസൈന്‍, ഫൈന്‍ട്യൂണിംഗ് എ.ഐ മോഡലുകള്‍, സ്‌കേലബിലിറ്റി മനസ്സിലാക്കല്‍, ഇന്ത്യന്‍ ഭാഷകളിലൂടെ പ്രവേശനം സാധ്യമാക്കുന്നതിനുള്ള വെല്ലുവിളികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ സെഷനുകളില്‍ ചര്‍ച്ച ചെയ്യും.
എ.ഐ4ഭാരത്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ ഭാഷിണി എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള ഓപ്പണ്‍ എന്‍വൈഎഐയുടെ പദ്ധതി ഇന്ത്യന്‍ ഭാഷകളില്‍ വിവരങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള ചാറ്റ്ജിപിടിയുടെ മികച്ച സംരംഭങ്ങളിലൊന്നാണെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയും ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാനും ചൂണ്ടിക്കാട്ടി.
ജെ.പി മോര്‍ഗന്‍ എ.ഐ ഡയറക്ടര്‍ ദീപക് പരമാനന്ദ്, മൈക്രോസോഫ്റ്റ് റിസര്‍ച്ചിലെ എസ്.ഡി.ഇ സീനിയര്‍ റിസര്‍ച്ച് സമീര്‍ സെഗല്‍, സീറോധ സി.ടി.ഒ കൈലാഷ് നാഥ്, ട്രൈലീഗല്‍ പാര്‍ട്ണര്‍മാരായ രാഹുല്‍ മാത്തന്‍, നിഖില്‍ നരേന്ദ്രന്‍, ഉഡാന്‍ സിടിഒ അമോദ് മാളവ്യ, അശോക സീനിയര്‍ ചേഞ്ച് ലീഡര്‍ ഹനേ ബറൂച്ചല്‍, ആസ്പയര്‍ പ്രൊജക്ട് ഡയറക്ടര്‍ ഗോപാല്‍ ഗാര്‍ഗ് എന്നിവര്‍ റെസിഡന്‍സിയിലെ ചില ശ്രദ്ധേയ ഉപദേഷ്ടാക്കളാണ്.
പഞ്ചാബ്ഹരിയാന, മദ്രാസ് ഹൈക്കോടതികളിലെ മുന്‍ ജഡ്ജി ജസ്റ്റിസ് കണ്ണന്‍ കൃഷ്ണമൂര്‍ത്തി, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പ്രതിനിധി ധാത്രി റെഡ്ഡി, ആന്ധ്രാപ്രദേശ് പോലീസ് പ്രതിനിധി കിഷോര്‍ കോമ്മി, വണ്‍ ഫ്യൂച്ചര്‍ കളക്ടീവ്, ലോക്‌റ്റോപസ്, ഇന്‍ഷുറന്‍സ് സമാധാന്‍, യൂത്ത് കി ആവാസ്, സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളും സംഘടനകളും പരിപാടിയുടെ ഭാഗമാകും. കൂടുതല്‍ വിവരങ്ങള്‍ www.makerpsace.opennyai.org യില്‍ ലഭ്യമാണ്.