ലോകത്തെ ഏറ്റവും പ്രശസ്തമായ ബ്രാന്‍ഡ് പേരുകളിലൊന്നിന് അങ്ങനെ അകാലമൃത്യു. ട്വിറ്റര്‍ ട്വിറ്ററല്ലാതാവുന്നു. പേരും ലോഗോയുമടക്കം മാറ്റുമെന്ന പ്രഖ്യാപനം നടപ്പാക്കുകയാണ് കമ്പനിയുടെ പുതിയ ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ആരംഭ കാലം മുതല്‍ തന്നെ പ്ലാറ്റ്ഫോമിന്റെ മുഖമുദ്രയായ നീലക്കിളി അപ്രത്യക്ഷമാകും. ഇനി മുതല്‍ X എന്ന ലോഗോ ആയിരിക്കും ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിന്. ഇന്ന് വൈകീട്ടോടെ പുതിയ പ്ലാറ്റ്ഫോം നിലവില്‍ വരും. പേരു എക്‌സ് ഡോട് കോം എന്നായിരിക്കും.
ട്വിറ്ററിനെ റീബ്രാന്റ് ചെയ്യുന്ന വിവരം കമ്പനി സി.ഇ.ഒ ലിന്‍ഡ യക്കരിനോയാണ് സ്ഥിരീകരിച്ചത്. എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോ, വീഡിയോ മെസേജിങ്, പണമിടപാട്, ബാങ്കിംഗ് എന്നീ സൗകര്യങ്ങളും വിവിധ ആശയങ്ങള്‍ക്കും, സാധന സേവനങ്ങള്‍ക്കും അവസരങ്ങള്‍ക്കുമുള്ള ഒരു ആഗോള വിപണിയായിരിക്കും X എന്നും ലിന്‍ഡ യക്കരിനോ പറയുന്നു.
ഒരു മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം എന്നതിലുപരി ഫെയ്‌സ്ബുക്കിന് സമാനമായ എല്ലാ വിധ സൗകര്യങ്ങളും ലഭ്യമാവുന്ന പുതിയൊരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ആയിരിക്കും എക്‌സ്. x.com എന്ന യു.ആര്‍.എല്‍ ഇപ്പോള്‍ ട്വിറ്റര്‍ വെബ്സൈറ്റിലേക്കാണ് പോവുന്നത്.