പേരന്‍പ് എന്ന ചിത്രത്തിന്റെ എഴുത്തുകുത്തുകള്‍ പുരോഗമിക്കുമ്പോള്‍ സംവിധായകന്‍ റാമിന്റെ മനസ്സില്‍ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മുഖം. മമ്മൂട്ടിയല്ലാതെ മറ്റൊരാള്‍ ചെയ്താല്‍ നന്നാകില്ല എന്നൊരു ചിന്ത സംവിധായകനുണ്ടായിരുന്നത്രേ. മമ്മൂട്ടിയുടെ ഡേറ്റിനായി റാം കാത്തിരുന്നത് ഇരുപത് വര്‍ഷങ്ങള്‍. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയതോടെ 2016ല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാമിന്റെ ചിത്രമാണ് പേരന്‍പ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. ചിത്രത്തെ പ്രശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലെ അടുത്തയാളാവുകയാണ് ഹോളിവുഡ് സംവിധായകന്‍ റോബേര്‍ട്ട് ഷ്വങ്ക്. ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും നല്ല സിനിമയാണ് പേരന്‍പ് എന്ന് സംവിധായകന്‍ പറയുന്നു. 'മികച്ച തിരക്കഥ കൊണ്ടും ഉജ്ജ്വലമായ അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ടും മനോഹരമായ സിനിമ. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന്. നിങ്ങളുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന സിനിമയാകും പേര്‍ന്‍പ്' എന്ന് സംവിധായകന്‍ റൊബേര്‍ട്ട് പറയുന്നു.
അമുഥന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അച്ഛന്‍ മകള്‍ ബന്ധമാണ് ചിത്രം പറയുന്നത്. അവാര്‍ഡ് ജൂറികള്‍ കണ്ണടച്ചില്ലെങ്കില്‍ പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിക്കുമെന്നാണ് വാര്‍ത്തകള്‍. അത്രയ്ക്ക് കാമ്പുള്ള വേഷമാണ് അമുഥന്‍.