ന്യൂദല്‍ഹി- ആറ്റംബോബിന്റെ പിതാവെന്നു വിശേഷിപ്പിക്കുന്ന ഓപ്പണ്‍ഹൈമറിന്റെ ജീവിതകഥയുമായി വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ തിയറ്ററുകളില്‍ ദൃശ്യവിസ്‌ഫോടനം നടത്തിയിരിക്കുകയാണ്. എന്നാല്‍ സിനിമയിലെ ഒരു രംഗം ഇന്ത്യയില്‍ വിവാദത്തിനു തിരികൊളുത്തി. ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയത്.
ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിര്‍ത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) എങ്ങനെ അനുമതി നല്‍കിയെന്നു സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസര്‍ക്കാരിന്റെ ഇര്‍ഫര്‍മേഷന്‍ ഓഫിസര്‍ ഉദയ് മഹുക്കര്‍ ചോദിച്ചു. ഈ സംഭവം കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
ചിത്രത്തിന് ആര്‍ റേറ്റിങ്ങാണ് ലഭിച്ചതെങ്കിലും ഇന്ത്യയില്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ചില ശാരീരിക രംഗങ്ങള്‍ ഒഴിവാക്കി സിനിമയുടെ ദൈര്‍ഘ്യം കുറച്ചതിന് ശേഷമാണ് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നേടിയത്. സൈക്കോളജിയും കുറ്റാന്വേഷണവും ഒത്തൊരുമിക്കുന്ന തരത്തിലുള്ള കോര്‍ട്ട് റൂം ഡ്രാമയെന്ന സിനിമാഘടനയാണ് ക്രിസ്റ്റഫര്‍ നോളന്‍ സിനിമയില്‍ സ്വീകരിച്ചിട്ടുള്ളത്