Sorry, you need to enable JavaScript to visit this website.

അതില്‍ ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല,  സിനിമ ഉപേക്ഷിച്ചതെന്തിനെന്ന് ചഞ്ചല്‍ 

കൊച്ചി-എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ കുഞ്ഞാത്തോലായി മലയാളി ഹൃദയങ്ങളില്‍ ചേക്കേറിയ നടിയാണ് ചഞ്ചല്‍. 1998 ല്‍ എം.ടി.വാസുദേവന്‍ നായര്‍-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ജോമോള്‍ ആണെങ്കിലും വെള്ളാരം കണ്ണുകളുള്ള കുഞ്ഞാത്തോലായി എത്തിയ ചഞ്ചലും പ്രേക്ഷക മനസ്സില്‍ ഇടം നേടി.
മോഡലിംഗിലൂടെയാണ് ചഞ്ചല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. ടെലിവിഷന്‍ രംഗത്തും ചഞ്ചല്‍ സജീവമായിരുന്നു. കൊച്ചിക്കാരിയായ ചഞ്ചല്‍ വിവാഹശേഷം സിനിമ ജീവിതം ഉപേക്ഷിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലാണ് താമസം. അമേരിക്കയില്‍ ഒരു ഡാന്‍സ് സ്‌കൂളും താരം നടത്തുന്നുണ്ട്.
ഇപ്പോഴിതാ സിനിമാ അഭിനയം ഉപേക്ഷിക്കാനുള്ള കാരണം പറയുകയാണ് ചഞ്ചല്‍. സഹ അഭിനേതാക്കളുടെ കൂടെ അടുത്തിടപഴകി അഭിനയിക്കേണ്ടി വരുന്നതു കൊണ്ടാണ് പിന്നീട് സിനിമകള്‍ ചെയ്യാതിരുന്നതെന്ന് ചഞ്ചല്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ കൂടുതല്‍ കാലം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നത് താന്‍ സിനിമയില്‍ അഭിനയിക്കാത്തതിന് ഒരു കാരണമാണെന്നും കൂടുതല്‍ അവസരങ്ങള്‍ മുന്‍പ് ലഭിച്ചിരുന്നെന്നും ചഞ്ചല്‍ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ചഞ്ചല്‍ മനസു തുറന്നത്.
''പണ്ടുമുതല്‍ക്കേ സിനിമ ഒരു കരിയറായി കൊണ്ടുവരാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ധാരാളം അവസരങ്ങള്‍ കിട്ടിയിരുന്നു. ലോഹിത ദാസ് സാറിന്റെ ചിത്രത്തില്‍ അവസരം കിട്ടിയിരുന്നു, പിന്നീട് രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചു. അതില്‍ രണ്ട് ഭംഗിയുള്ള ഡാന്‍സ് സീക്വന്‍സ് ആണ് ഉണ്ടായിരുന്നത്. പിന്നീട് ധാരാളം സിനിമകള്‍ എനിക്ക് വന്നിരുന്നു. സിനിമകള്‍ ചെയ്യുന്നത് ഒട്ടും കംഫര്‍ട്ടബിള്‍ ആയി തോന്നിയിരുന്നില്ല. സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ പ്രൊഫഷണല്‍ ആയിട്ട് നില്‍ക്കേണ്ടി വരും. സംവിധായകന്‍ പറയുന്നതുപോലെ അഭിനയിക്കേണ്ടി വരും, കെട്ടിപ്പിടിച്ചൊക്കെ അഭിനയിക്കണം. അതില്‍ ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല. അതുകൊണ്ടാണ് ഞാന്‍ സിനിമയെ പ്രൊഫഷണല്‍ ആയിട്ടെടുക്കാതിരുന്നത്.
സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് ദീര്‍ഘ കാലത്തേക്കുള്ള കമ്മിറ്റ്മെന്റ് ആയി തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ മാസങ്ങളോളം അതിനുവേണ്ടി നില്‍ക്കേണ്ടി വരും. അത്രയും കാലം വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ എന്നെക്കൊണ്ടാകില്ല. അതുകൊണ്ടാണ് ഞാന്‍ പിന്നീട് വന്ന സിനിമകള്‍ ഒക്കെ ഒഴിവാക്കി വിട്ടത്. മറ്റ് ഭാഷകളില്‍ നിന്നൊക്കെ അവസരങ്ങള്‍ വന്നിരുന്നു. ധാരാളം യക്ഷി കഥാപാത്രങ്ങളും അതില്‍ ഉണ്ടായിരുന്നു. നല്ലൊരു യക്ഷി ഞാന്‍ ചെയ്തിട്ടുണ്ട് അത് മതി എന്ന് തീരുമാനിച്ചു'- ചഞ്ചല്‍ പറഞ്ഞു.
'എന്ന് സ്വന്തം ജാനകി കുട്ടി' എന്ന ചിത്രത്തിലെ കുഞ്ഞാത്തോല്‍ എന്ന കഥാപാത്രത്തെപ്പറ്റിയും ചഞ്ചല്‍ മനസു തുറന്നു. ആ കഥാപാത്രം കാണുമ്പോള്‍ ജീവിതത്തിലും ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോകുമെന്നും ചഞ്ചല്‍ പറഞ്ഞു. 'തികച്ചും യാദൃശ്ചികമായിട്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ഞാന്‍ മോഡലിങ് ചെയ്തുകൊണ്ടിരുന്നപ്പോഴുള്ള ചിത്രം കണ്ടിട്ടാണ് എന്നെ പ്രൊഡ്യൂസറിന്റെ ഓഫീസില്‍ നിന്നും വിളിച്ചത്. അപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി കുറെ ആയിരുന്നു. അവര്‍ യക്ഷി കഥാപാത്രമെന്ന് പറഞ്ഞപ്പോള്‍ വളരെ ഭീകരമായ യക്ഷി കഥാപാത്രം ആണെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ ഈ ചിത്രത്തിലെ യക്ഷി അങ്ങനെയൊന്നുമല്ല, കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ട്ടപ്പെട്ടു. കുഞ്ഞാത്തോല്‍ എന്ന കഥാപാത്രത്തോടുള്ള ഇഷ്ടമാണ് എന്നോട് ആളുകള്‍ക്ക് ഇപ്പോഴും ഉള്ളത്.
എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെടുന്ന കഥാപാത്രമായിരുന്നു കുഞ്ഞാത്തോലിന്റേത്. നമ്മുടെ ജീവിതത്തിലും ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോകുന്ന കഥാപാത്രമാണത്. എം.ടി. സാറിന്റെ ചിത്രത്തില്‍ ഒരു ചെറിയ റോളിനുവേണ്ടി കാത്തിരിക്കുന്ന ഒത്തിരി ആളുകള്‍ ഉണ്ട്. അങ്ങനെ ഒരാളുടെ ചിത്രത്തില്‍ എന്നെ ഇങ്ങോട്ട് തിരക്കി വരുക എന്നുള്ളത് വലിയ കാര്യമാണ്. അതെന്റെ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്'- ചഞ്ചല്‍ പറഞ്ഞു.
 

Latest News