ബെംഗളൂരു - തക്കാളി വില റെക്കോർഡിലേക്ക് കുതിച്ചതോടെ രണ്ടായിരം കിലോ തക്കാളിയുമായി ലോറി കടത്തി മുങ്ങിയ ദമ്പതികളെ പോലീസ് പിടികൂടി. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരു സ്വദേശികളായ ഭാസ്‌കർ, സിന്ധുജ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന 2000 കിലോ തക്കാളിയാണ് ദമ്പതികൾ തട്ടിയെടുത്ത് വിൽപ്പന നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചിക്കജാലക്ക് സമീപം ആർ.എം.സി പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നും കോലാർ മാർക്കറ്റിലേക്ക് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന തക്കാളിയാണ് ദമ്പതികൾ പിടിച്ചെടുത്തത്. തക്കാളി കണ്ട ദമ്പതികൾ ലോറി പിന്തുടരുകയും വണ്ടിയിലുണ്ടായിരുന്ന കർഷകനെയും ഡ്രൈവറെയും ആക്രമിച്ച് ലോറി കടത്തുകയുമായിരുന്നു. ഇവരിൽ നിന്ന് പണം ആവശ്യപ്പെട്ട പ്രതികൾ ഇത് മൊബൈലിലൂടെ ട്രാൻസ്ഫറും ചെയ്യിച്ചു. കുറച്ച് ദൂരം കർഷകനുമായി പിന്നിട്ട ശേഷം ഇവരെ വഴിയിലുപേക്ഷിച്ച് ലോറിയുമായി പ്രതികൾ തമിഴ്‌നാട്ടിലേക്ക് പോയി തക്കാളി വിൽക്കുകയാണുണ്ടായതെന്ന് കേസ് അന്വേഷിച്ച പോലീസ് പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ലോറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.