മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
ന്യൂദല്‍ഹി- മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ കത്തയച്ചു. നരേന്ദ്ര മോഡി സര്‍ക്കാര്‍ വിഷയത്തില്‍ പൂര്‍ണമായ നിശ്ശബ്ദത പാലിക്കുകയാണെന്നും അവസാന പ്രതീക്ഷ രാഷ്ട്രപതിയിലാണെന്നും കത്തില്‍ പറയുന്നു.
ക്രൂരതയ്ക്ക് മുന്നിലുള്ള നിശ്ശബ്ദത ഏറ്റവും വലിയ ക്രൂരകൃത്യമാണെന്നും അതുകൊണ്ടുതന്നെ മണിപ്പൂരില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളെ കുറിച്ചെഴുതാന്‍ താന്‍ നിര്‍ബന്ധിതനാണെന്നും ഹേമന്ത് സോറന്‍ കത്തില്‍ പറയുന്നു.
മണിപ്പൂരില്‍ കണ്ട തരത്തിലുള്ള ശാരീരികവും മാനസികവുമായ ക്രൂരതയ്ക്ക് ആളുകള്‍ വിധേയരാകുന്ന അവസ്ഥയിലേക്ക് സമൂഹം ഒരിക്കലും എത്തിച്ചേരരുതെന്നും സ്വന്തം ജനതയെ സംരക്ഷിക്കുന്നതില്‍ നിന്നും അക്രമം ഇല്ലാതാക്കുന്നതില്‍ നിന്നും മണിപ്പൂര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കത്തില്‍ വിശദീകരിച്ചു.
മണിപ്പൂരിലെ സത്യം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങളുടേയും ജനങ്ങളുടേയും ശബ്ദം തടയാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങള്‍ കണ്ടു.
രണ്ടു മാസമായി മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുകയാണെന്നും നാലായിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വംശീയ വിദ്വേഷം അഗാധമായ വിഷമം ഉണ്ടാക്കുന്നുവെന്നും ക്രമസമാധാനത്തിന്റെ പൂര്‍ണ തകര്‍ച്ചയാണ് അവിടെ കാണുന്നതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.