സൂറിച്ച്/ന്യൂദൽഹി- സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാരുടേതെന്ന് സംശിക്കുന്ന 300 കോടി രൂപക്ക് ഇനിയും അവകാശികളെത്തിയില്ല. മൂന്ന് വർഷം മുമ്പ് സ്വിറ്റ്സർലാൻഡ് ബാങ്കിങ് ഓംബുഡ്സ്മാൻ പുറത്തുവിട്ട വിവരങ്ങളിലാണ് ആരും അവകാശവാദം ഉന്നയിക്കാത്ത തുകയുടെ കണക്കുള്ളത്. വിവിധ രാജ്യക്കാരുടേതായി നിരവധി നിഷ്ക്രിയ അക്കൗണ്ടുകളുണ്ടെന്നാണ് അന്ന് വെളിപ്പെടുത്തിയിരുന്നത്. അക്കൗണ്ട് വിവരങ്ങൾ ഇപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ കള്ളപ്പണം സ്വിസ് ബാങ്കുകളിൽ ഉണ്ടെന്ന വിവാദത്തിനിടെയാണ് അവകാശികളില്ലാത്ത ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ട് വിവരങ്ങൾ പുറത്തു വന്നിരുന്നത്. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ച് രാജ്യത്ത് എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തിരുന്നു.
അവകാശികളില്ലാത്ത 3500 അക്കൗണ്ടുകളിൽ ആറെണ്ണത്തിന് ഇന്ത്യൻ ബന്ധമുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ബാങ്കുകളിൽ ഇല്ല. അതേസമയം ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന ആകെ തുക ഏകദേശം 300 കോടിയോളം വരുമെന്നാണ് ഓംബുഡ്സ്മാൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.
ഏറെക്കുറെ കൃത്യമായ വിവരങ്ങൾ ഉള്ള ആറ് ഇന്ത്യക്കാരുടെ അക്കൗണ്ടുകളിൽ മൂന്നെണ്ണത്തിന്റെ വിലാസം ഇന്ത്യയിലാണ്. ഒരാൾ പാരീസിലേയും മറ്റൊരാൾ ലണ്ടനിലേയും വിലാസമാണ് നൽകിയിരിക്കുന്നത്. മൂന്ന് അക്കൗണ്ടുകൾ ഇന്ത്യക്കാരുടേയും മൂന്നെണ്ണം ഇന്ത്യൻ വംശജരുടേതുമാണ്.
വർഷങ്ങളായി ഇവ നിഷ്ക്രിയ അക്കൗണ്ടുകളായി നിലനിൽക്കുകയാണ്. വിവരങ്ങൾ വെളിപ്പെടുത്താനുള്ള അവസാന സമയം കഴിഞ്ഞിട്ടും ഇവയിൽ ആരും അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിൽ തുക അതാത് രാജ്യങ്ങൾക്ക് കൈമാറിയേക്കും. ഒരു വർഷത്തിനുള്ളിൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ പണം കൈമാറും.
ഇന്ത്യയ്ക്ക് പുറമെ ജർമനി, ഫ്രാൻസ്, യുകെ. അമേരിക്ക, തുർക്കി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടേതാണ് പ്രധാനമായും വലിയ നിക്ഷേപങ്ങൾ സ്വിസ് ബാങ്കിലുള്ളത്.