ലഖ്‌നൗ-സഹോദരിയുടെ തല അറുത്തെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് വന്ന യുവാവിനെ അറസ്റ്റ് ചെയ്തു. യു.പിയിലെ ബരാബങ്കിയിൽ വെള്ളിയാഴ്ചയാണ് സഹോദരിയുടെ അറുത്തുമാറ്റിയ ശിരസ്സുമായി പോലീസ് സ്റ്റേഷനിലേക്ക് വന്ന യുവാവിനെ പിടികൂടിയത്. യു.പിയിലെ ബരാബങ്കിയിലെ ഫത്തേപൂർ പ്രദേശത്തെ മിത്വാര ഗ്രാമത്തിൽ റിയാസാ(22)ണ് സഹോദരി ആഷിഫ(18)യെ തലയറുത്ത് കൊന്നത്.
റിയാസ് തന്റെ സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും അവളുടെ തല കയ്യിൽ തൂക്കിപ്പിടിച്ച് പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് അശുതോഷ് മിശ്ര പറഞ്ഞു. ഇതേ ഗ്രാമത്തിലെ താമസക്കാരനായ ചന്ദ് ബാബുവിനൊപ്പം ആഷിഫ ഈയടുത്ത് ഒളിച്ചോടിയിരുന്നു. യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആഷിഫയെ കണ്ടെത്തുകയും ബാബുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സഹോദരിയുടെ ബന്ധത്തിൽ റിയാസിന് എതിർപ്പുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു.