ചിലരെ കണ്ടില്ലേ? എത്രയെത്ര രസകരങ്ങളായ കഥകളാണ് അവർക്ക് ദിനേന പറയാനുണ്ടാവുക? പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ. അവരത് പറഞ്ഞ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും എത്ര മനോഹരമായിട്ടാണ്? എല്ലാ സൗഹൃദ കൂട്ടായ്മകളിലും തൊഴിൽ സ്ഥലത്തും കുടുംബ സംഗമ വേദികളിലും കാണാം അത്തരത്തിൽ ചില കഥ പറച്ചിലുകളുടെ മാന്ത്രികൻമാരെ. അവരുടെ കഥകളിൽ പോയ കാലവും വർത്തമാന കാലവും പീലി വിടർത്തിയാടും.
നിത്യജീവിതത്തിൽ നാം ശ്രദ്ധിക്കാതെ പോയ പല കുഞ്ഞ് കാര്യങ്ങളും അമളികളും തമാശകളും അവരുടെ കഥകളിൽ പുത്തനുടുപ്പിട്ട് ആകർഷകങ്ങളായ സംഭവങ്ങളായി തെളിഞ്ഞ് വിളങ്ങും. അതിലൊക്കെ ചിരിക്കാനും ചിന്തിക്കാനും ഏറെ പാഠങ്ങൾ അവരറിയാതെ തുന്നിച്ചേർത്തിരിക്കും. അവരെ കാണുന്നതും അവരെ കേൾക്കുന്നതും നമ്മിൽ പുത്തനുണർവും ആവേശവും നിറയ്ക്കും. അവരാകട്ടെ താരതമ്യേന സദാ സന്തോഷവാൻമാരുമായിരിക്കും.
ടി.വിയും ഇന്റർനെറ്റും മൊബൈലും സോഷ്യൽ മീഡിയയുമൊന്നുമില്ലാത്ത കാലത്ത് നാട്ടിൻപുറങ്ങളിലെ പീടികത്തിണ്ണകളിലും വീട്ടുവരാന്തകളിലും അത്തരം നൂറ് നൂറ് കഥകൾ പെയ്തിറങ്ങുമായിരുന്നു. എസ്.കെ. പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും ഒരു തെരുവിന്റെ കഥയുമെല്ലാം അത്തരത്തിലുള്ള കഥ പറച്ചിലുകളുടെ മാന്ത്രികതയും അത് വഴി അവിടങ്ങളിൽ രൂപപ്പെടുന്ന ജീവിത ഗന്ധിയായ പരസ്പര സ്‌നേഹവും കരുതലുകളും നന്നായി വരച്ചിട്ടിട്ടുണ്ട്.
നമുക്കോരോരുത്തർക്കും ഉണ്ടാവും ഇത്തരത്തിലുള്ള രസകരങ്ങളായ കഥകൾ. പക്ഷേ ആരോടും പറയാതെ എവിടെയും എഴുതാതെ അത്തരം കഥകൾ അധികമാളുകളും അവരോടൊപ്പം ഖബറടക്കുകയാണ് ചെയ്യുന്നതെന്ന് കാണാം.
കഥ പറച്ചിൽ പോലെയല്ല കഥയെഴുത്ത്. നന്നായി കഥ പറയുന്നവർ നന്നായി എഴുതണമെന്നില്ല. നന്നായി എഴുതുന്നവർ പൊതുവെ നന്നായി പറയണമെന്നുമില്ല. എന്നാലും ഉന്മേഷം കുറയുമ്പോഴും വേണ്ടത്ര ഊർജസ്വലത അനുഭവപ്പെടാതിരിക്കുമ്പോഴും ചിലരുടെ കഥ പറച്ചിലും കേൾക്കലും തരുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്.
നല്ല കഥകൾ കേൾക്കുന്നത് നമ്മുടെ മാനസിക ഊർജം വർധിപ്പിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളിൽ എത്തുന്ന തൊണ്ണൂറ് ശതമാനം രോഗികളും അനാവശ്യമായ ഉൽക്കണ്ഠകളും ആകാംക്ഷകളും പേറുന്നവരാണ്. നല്ല കഥകൾ കേൾക്കുകയാണെങ്കിൽ അവരിലെ അസുഖപ്പേടി വളരെ പെട്ടന്ന് കുറവ് വരും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിഷാദ രോഗത്തെ ചെറുക്കാനും ശാന്തമായ ഉറക്കം ലഭ്യമാക്കാനും നല്ല കഥകൾ സഹായിക്കുന്നുണ്ട്. രക്തസമ്മർദം കുറയ്ക്കണമെങ്കിൽ കഥ പറച്ചിൽ ഒരു ശീലമാക്കാൻ ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവർ നിർദേശിക്കുന്നു.
വേദന കുറയ്ക്കാനും കഥ പറച്ചിൽ സഹായിക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവരിൽ അനസ്‌തേഷ്യയുടെ ഡോസ് കുറയ്ക്കാനും അവരുടെ വേദനക്ക് അയവ് വരുത്താനും കഥ പറയുന്ന നഴ്‌സുമാരുടെ കഥകൾ നിർണായക പങ്ക് വഹിച്ചതായി രണ്ടായിരത്തിആറിൽ കൊളംബിയ യൂനിവേഴ്‌സിറ്റിയിൽ നടന്ന ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.
കഥകൾ പറയുന്നത് നമ്മുടെ മാനസികാവസ്ഥയെയും സ്വയം പ്രതിഛായയെയും നിയന്ത്രിക്കുന്നതായി പോസിറ്റിവ് സൈക്കോളജിയിൽ സമീപകാലത്ത് നടന്ന ഗവേഷണ ഫലങ്ങൾ കാണിക്കുന്നുണ്ട്. കഥകൾക്ക് നമ്മെ ഉത്തേജിപ്പിക്കാനും നമ്മുടെ മാനസികാവസ്ഥ മാറ്റാനും കഴിയും. സദ്‌വികാരങ്ങളും ശുഭാപ്തി വിശ്വാസവും വളർത്താനും പ്രതികൂല സാഹചര്യങ്ങളെ നന്നായി നേരിടാനും പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യാനും കഥകൾ നമ്മെ പ്രാപ്തമാക്കുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ നടത്തിയ പഠനത്തിൽ, കഥപറച്ചിൽ സെഷൻ കുട്ടികളിലെ ഓക്സിടോസിൻ വർധിക്കുന്നതിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്. കോർട്ടിസോളിന്റെയും വേദനയുടെയും കുറവ് കുട്ടികളിൽ നല്ല വൈകാരിക മാറ്റങ്ങളിലേക്ക് നയിച്ചതായും ഗവേഷകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആവേശത്തോടെ, ചിരിച്ചുകൊണ്ട് കേൾക്കുന്നവരിൽ കൗതുകം ജനിപ്പിച്ച്, താൽപര്യമുളവാക്കി, കുറഞ്ഞ വാക്കുകളിൽ വിവിധ വികാരങ്ങൾ അവതരണത്തിൽ പ്രതിഫലിപ്പിച്ച് വേണം കഥ പറയാൻ.
അത്തരം കഥ പറച്ചിലുകാർ നല്ല വൈദ്യന്മാർ തന്നെയാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ഒരു ദിനം ഒരു ജീവിത അനുഭവമെങ്കിലും ഉറ്റവരും ഉടയവരുമായി കഥയായി അവതരിപ്പിക്കാൻ നേരം കണ്ടെത്തി നോക്കൂ. രാപ്പകലുകൾക്ക് പുതിയ നിറവും സുഗന്ധവും കൈവരുന്നത് കാണാം.