ന്യൂദൽഹി-ഗ്യാൻവാപി പള്ളിയുടെ കാർബൺ ഡേറ്റിംഗ് നടത്താൻ വാരാണസി കോടതി അനുമതി നൽകി. വിവാദമായ 'ശിവലിംഗ' ഘടന ഒഴികെയുള്ള സമുച്ചയത്തിന്റെ ശാസ്ത്രീയ സർവേ നടത്തുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ആയിരിക്കും. അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ പ്രതിനിധീകരിച്ച കേസിലെ ഹിന്ദു പക്ഷം, ഗ്യാൻവാപി മസ്ജിദ് സമുച്ചയം മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ എ.എസ്.ഐക്ക് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു.
മെയ് മാസത്തിൽ ഹർജി കേൾക്കാൻ കോടതി സമ്മതിച്ചതിന് ശേഷം, ഹിന്ദു പക്ഷം സമർപ്പിച്ച വാദങ്ങൾക്ക് മറുപടി നൽകാൻ പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഇരുഭാഗവും കേട്ടതിന് ശേഷമാണ് തീരുമാനം. കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് തർക്കം മുഴുവൻ പള്ളി സമുച്ചയത്തിന്റെയും പുരാവസ്തു ഗവേഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് ജെയിൻ കോടതിയിൽ വാദിച്ചു. പള്ളി സമുച്ചയത്തിന്റെ മൂന്ന് താഴികക്കുടങ്ങളും സമുച്ചയത്തിന്റെ പടിഞ്ഞാറൻ ഭിത്തിയും സമ്പൂർണ്ണ സമുച്ചയവും ആധുനിക രീതിയിൽ പരിശോധിച്ചാൽ സ്ഥിതിഗതികൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.