തിരുവനന്തപുരം- മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം ചര്‍ച്ചയായിരുന്നു. 'മണിപ്പുര്‍ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ', എന്നായിരുന്നു സുരാജ് കുറിച്ചത്. അധികം വൈകാതെ താരത്തിന്റെ പോസ്റ്റ് അപ്രത്യക്ഷമായിരുന്നു. സംഘി പ്രൊഫൈലുകളില്‍ ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. സുരാജ് പോസ്റ്റ് പിന്‍വലിച്ചതാണോ എന്നതുള്‍പ്പടെ ആളുകള്‍ തിരക്കി. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുരാജ്.
കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും തന്റെ പോസ്റ്റ് നീക്കം ചെയ്തതാണെന്ന് സുരാജ് പറഞ്ഞു. 'മണിപൂരിലെ സംഭവം ആയി ബന്ധപെട്ടു അല്‍പം മുന്‍പ് പങ്കുവെച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു. ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കുമല്ലോ', സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
മണിപ്പുരില്‍ രണ്ടുസ്ത്രീകളെ എതിര്‍ സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷഭീതിയായി. ഈ സംഭവമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തായത്. സ്ത്രീകള്‍ പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും അതിനുശേഷമാണ് നഗ്നരാക്കി നടത്തിച്ചതെന്നും കുക്കി ഗോത്രസംഘടനയായ ഐ.ടി.എല്‍.എഫ്. കുറ്റപ്പെടുത്തി. ആക്രമിച്ചത് മെയ്തികളാണെന്നും കുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകളെന്നും അവര്‍ പറഞ്ഞു.