ന്യൂദല്‍ഹി - അപകീര്‍ത്തി കേസിലെ ശിക്ഷയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഓഗസ്റ്റ് നാലിലേക്ക് മാറ്റി. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. മോഡി സമുദായത്തിനെതിരെ പരാമര്‍ശം നടത്തിയെന്ന കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ പത്ത് ദിസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി പരാതിക്കാരനായ പൂര്‍ണേഷ് മോഡിക്ക് നോട്ടസയച്ചു. മോഡി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചുവെന്നായിരുന്നു പൂര്‍ണേഷ് മോഡിയുടെ പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് എം.പ്രച്ചക്കായിരുന്നു കേസില്‍ വിധി പറഞ്ഞത്. 2019ല്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോഡി സമുദായത്തിനെതിരെയുള്ള പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ രാഹുല്‍ ഗാന്ധി എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.