ന്യൂദൽഹി|- ദൽഹി സർക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ചോദ്യം ചെയ്ത് ദൽഹി എഎപി സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടു.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ പരിഗണനക്ക വിട്ട് ഉത്തരവിട്ടത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ അധികാരങ്ങൾ കവർന്നതെടുക്കുന്നതാണ് ഓർഡിൻസെന്ന് വ്യക്തമാക്കിയാണ് ആം ആദ്മി പാർട്ടി ഹരജി നൽകിയത്. ഭരണഘടനാ ബഞ്ചിലേക്ക് വിടുന്നത് സമയമെടുക്കുന്നതിനാൽ മുഴുവൻ സംവിധാനത്തെയും സ്തംഭിപ്പിക്കുമെന്നും മൂന്നംഗ ബഞ്ച് തന്നെ തീരുമാനം പ്രഖ്യാപിക്കണമെന്ന് ഡൽഹി സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭേഷേക് സിംഗവി കോടതിയിൽ ആവശ്യപ്പെട്ടു. ഭരണഘടന ബഞ്ച് പരിഗണിക്ക് വിട്ടതോടെ ആർട്ടിക്കിൾ 370 കേസുകളിൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നതിന് മുമ്പ് മുൻഗണന നൽകി ഈ കേസ് കേൾക്കണമെന്നും സിംഗ് വി ആവശ്യപ്പെട്ടു. എന്നാൽ, ആർട്ടിക്കിൾ 370 ന്റെ വാദം കേൾക്കൽ ഷെഡ്യൂൾ മാറ്റാൻ കഴിയില്ലെന്ന് ബഞ്ച് വ്യക്തമാക്കി.