ന്യൂദൽഹി- മണിപ്പൂരിൽ തുടരുന്ന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിഞ്ഞത് സന്തോഷകരമാണെങ്കിലും അദ്ദേഹം പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. മണിപ്പൂർ വിഷയത്തിൽ ദീർഘനാളുകളായി പ്രധാനമന്ത്രി തുടരുന്ന മൗനത്തിൽ എല്ലാവർക്കും അതിയായ ആശങ്കയുണ്ടായിരുന്നു. ആർക്കും മനസ്സിലാക്കാൻ പറ്റുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ മൗനം.
ഇപ്പോൾ പ്രധാനമന്ത്രി മോഡി മൗനം വെടിഞ്ഞത് സന്തോഷകരമാണ്. എന്നാൽ വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തുന്നതിന് അദ്ദേഹത്തെ സമീപിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. പ്രധാനമന്ത്രി മോഡി പാർലമെന്റിൽ പ്രസ്താവന നടത്തുന്നതോടെ മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് അവസരം ലഭിക്കും. തന്റെ ഹൃദയം നിറയെ വേദനയും രോഷവുമാണെന്ന പ്രസ്താവന പ്രധാനമന്ത്രി മോഡി പാർലമെന്റ് അംഗങ്ങളുമായാണ് പങ്കുവെക്കേണ്ടതെന്ന് തരൂർ പറഞ്ഞു.