ന്യൂദല്‍ഹി - ട്രെയിനില്‍ ജനറല്‍ കോച്ചുകളിലെ യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ ആരോഗ്യകരവും വൃത്തിയുള്ളതുമായ ഭക്ഷണം നല്‍കാന്‍ 'എക്കണോമി മീല്‍' പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. 20 രൂപ നല്‍കിയാല്‍ നല്ല ഭക്ഷണം കഴിക്കാം. ഈ പദ്ധതി പരീക്ഷാടിസ്ഥാനത്തില്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പ്ലാറ്റ്‌ഫോമുകളില്‍ ജനറല്‍ കോച്ചുകള്‍ക്ക് സമീപം വരുന്ന രീതിയില്‍ സേവന കൌണ്ടറുകള്‍ സ്ഥാപിച്ചാണ് ആദ്യ ഘട്ടത്തില്‍ ഭക്ഷണ വിതരണം നടത്തുക. ഇതിന്റെ മെനു റെയില്‍വേ പുറത്തു വിട്ടിട്ടുണ്ട്. 20 രൂപ വിലയുള്ള 'എക്കണോമി മീല്‍' ഏഴ് പൂരി, ഉരുളക്കിഴങ്ങ് കറി, അച്ചാര്‍ എന്നിവ അടങ്ങിയതാണ്. 50 രൂപയുടെ കോംബോ പാക്കേജില്‍ ഇതിനൊപ്പം കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചോറ് , രാജ്മ, ഛോലെ, കിച്ചടി കുല്‍ച, ഭട്ടൂരെ, പാവ്-ഭാജി, മസാല ദോശ എന്നിവയാണ് ഇതില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കൂടുതലായി ലഭിക്കുക.