ന്യൂദൽഹി- തക്കാളിയുടെ വില വീണ്ടും കുറച്ച് കേന്ദ്രസർക്കാർ. വ്യാഴാഴ്ച മുതൽ കിലോയ്ക്ക് 70 രൂപ നിരക്കിൽ തക്കാളി ചില്ലറ വിൽപ്പന നടത്താൻ ഉപഭോക്തൃകാര്യ വകുപ്പ് എൻസിസിഎഫിനും നാഫെഡിനും നിർദ്ദേശം നൽകി. എൻസിസിഎഫും നാഫെഡും സംഭരിച്ച തക്കാളി തുടക്കത്തിൽ കിലോയ്ക്ക് 90 രൂപയ്ക്ക് ചില്ലറ വിൽപ്പന നടത്തുകയും പിന്നീട് ഈ മാസം 16 മുതൽ കിലോയ്ക്ക് 80 രൂപയായി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ കിലോഗ്രാമിന് 70 രൂപയായി കുറച്ചത് ഉപഭോക്താക്കൾക്ക് നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഈ മാസം 14 മുതൽ ഡൽഹിയിലാണ് ഉപഭോക്തൃകാര്യ വകുപ്പ് തക്കാളിയുടെ ചില്ലറ വിൽപ്പന ആരംഭിച്ചത്. ഈ മാസം 18 വരെ മൊത്തം 391 മെട്രിക് ടൺ തക്കാളി രണ്ട് ഏജൻസികളും സംഭരിച്ചിട്ടുണ്ട്, ഇത് ഡൽഹി, രാജസ്ഥാൻ, യുപി, ബീഹാർ എന്നിവിടങ്ങളിലെ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലെ ചില്ലറ ഉപഭോക്താക്കൾക്ക് തുടർച്ചയായി വിതരണം ചെയ്യുകയാണ്.