Sorry, you need to enable JavaScript to visit this website.

മാധ്യമപ്രവർത്തകൻ എന്നാൽ നിയമം കയ്യിലെടുക്കാനുള്ള ലൈസൻസല്ല-സുപ്രീം കോടതി

ന്യൂദൽഹി- മാധ്യമപ്രവർത്തകൻ എന്നാൽ നിയമം കയ്യിലെടുക്കാനുള്ള ലൈസൻസല്ലെന്ന് സുപ്രിംകോടതി.  പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിന്റെ ലേഖകൻ സദഖത്ത് പത്താൻ ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവജാതശിശുക്കളെ അനധികൃതമായി വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റ് പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിന് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചാണ് ഹരജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.  ഹരജിക്കാരൻ മറ്റു പല കേസുകളിലും പ്രതിയാണെന്ന് പോലീസ് നൽകിയ സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഹരജിക്കാരനെ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരന് സുപ്രിംകോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഹരജിക്കാരനെതിരായ ആരോപണങ്ങൾ അവിശ്വസനീയമാണെന്ന് കേസ് പരിഗണിക്കുന്നതിനിടെ ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.
 

Latest News