ജോധ്പൂര്‍ - വൈരാഗ്യത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ആറുമാസം പ്രായമായ കുഞ്ഞുള്‍പ്പെടെ നാലംഗ കുടുംബത്തെ അക്രമികള്‍ കൊന്ന് കത്തിച്ചു. കുടുംബത്തോടുള്ള പ്രതികാരമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. ജോധ്പൂരിലെ ചെറായി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. എല്ലാവരും കത്തിക്കരിഞ്ഞെന്ന് ഉറപ്പു വരുത്തിയ ശേഷം വീടിന് തീകൊളുത്തിയാണ് അക്രമികള്‍ രക്ഷപ്പെട്ടത്. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് എത്തിയ ഗ്രാമവാസികളാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.