ന്യൂഡല്‍ഹി- ദേശീയതലത്തിലുള്ള പ്രതിപക്ഷ ഐക്യത്തിന് ബെംഗളൂരുവിലെ യോഗത്തില്‍ ഉയര്‍ന്നത് ഒട്ടേറെ പേരുകള്‍. ഇതില്‍നിന്ന് ഒടുവില്‍ തിരഞ്ഞെടുത്തത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശിച്ച 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര്-അതും ഭേദഗതികളോടെ. വാക്കുകള്‍ക്ക് അര്‍ഥം നല്കി വിശാലമാക്കിയതാകട്ടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും.
ഇന്ത്യ എന്നതിന്റെ പൂര്ണാര്ഥമായി ആദ്യം നിര്‍ദേശിച്ചത് 'ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്' എന്നാണ്. ഇതില്‍ 'ഇന്‍ക്ലൂസീവ്' തന്നെ 'ഡെമോക്രാറ്റിക്' എന്ന് വ്യംഗ്യമായി സൂചിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ സമൂലവികസനം എന്ന അര്‍ഥത്തില്‍ 'ഡെവലപ്മെന്റല്‍' എന്നു മതിയെന്ന് രാഹുല്‍ നിര്‍ദേശിച്ചു. 'ഇന്ത്യ എന്‍.ഡി.എ.യെ എതിര്‍ക്കുന്നു' എന്ന തത്ത്വശാസ്ത്രപരമായ മാനവും രാഹുല്‍ നല്കി.
സി.പി.എമ്മും സി.പി.ഐ.യും സി.പി.ഐ. എം.എല്ലും ഫോര്‍വേഡ് ബ്ലോക്കും അടങ്ങുന്ന ഇടതുപക്ഷം നിര്‍ദേശിച്ചത് 'വി ഫോര്‍ ഇന്ത്യ' എന്ന പേരാണ്. എന്നാലിത് പേരിനെക്കാള്‍ മുദ്രാവാക്യത്തിനാവും ഉചിതമാവുക എന്ന് മമതയും രാഹുലും നിതീഷും അടക്കമുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ ഇത് പ്രചാരണ മുദ്രാവാക്യമാക്കുന്നതിനായി ഇടതുപക്ഷം നിര്‍ദേശിക്കുമെന്നാണ് സൂചന.രാഹുലിന്റെ ഭാരത് ജോഡോ യാത്ര വന്‍വിജയമായ പശ്ചാത്തലത്തില്‍ ഭാരത് ജോഡോ അലയന്‍സ് (ബി.ജെ.എ.) എന്ന പേരുനല്കുന്നത് ഉചിതമായിരിക്കുമെന്ന് കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തി നിര്‍ദേശിച്ചിരുന്നു. ഭാരത് ജോഡോ യാത്ര കോണ്ഗ്രസിന്റേതായതിനാലാവണം ഇതിനോട് അധികമാരും യോജിച്ചില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു പ്രമുഖനേതാവ് പറഞ്ഞു. 'യു.പി.എ.'യ്ക്കു (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) പകരം 'ഐ.പി.എ.' (ഇന്ത്യന്‍ പ്രോഗ്രസീവ് അലയന്‍സ്) എന്നാണ് നിര്‍ദേശിക്കപ്പെട്ട മറ്റൊരു പേര്.