റായ്പൂർ- വ്യാജ പട്ടിക ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സംസ്ഥാന സർക്കാർ ജോലികൾ നേടയതിനെതിരെ ഛത്തീസ്ഗഢ് തലസ്ഥാന നഗരമായ റായ്പൂരിൽ ചൊവ്വാഴ്ച ഒരു കൂട്ടം പുരുഷന്മാർ നഗ്ന പ്രതിഷേധം നടത്തി. പ്രതിഷേധക്കാർ സംസ്ഥാന നിയമസഭയിലേക്ക് നഗ്നരായി മാർച്ച് നടത്തിയെങ്കിലും പോലീസ് തടഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ നേരത്ത തങ്ങളെ നിരാഹാര സമരം നടത്തിയിരുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു. 264 പേരെങ്കിലും എസ്ടി/എസ്‌സി വ്യാജ സർട്ടിഫിക്കറ്റ് വഴി സർക്കാർ ജോലി നേടിയിട്ടുണ്ട്. അവരെയെല്ലാം തിരിച്ചറിഞ്ഞ് ശിക്ഷിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് നഗ്നമാർച്ചിന് നേതൃത്വം നൽകിയ പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.
ജനങ്ങളുടെയും സർക്കാരിന്റെയും ശ്രദ്ധ പിടിച്ചുപറ്റാനാണ് തങ്ങൾ നഗ്ന പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി ഈ വിഷയം ഉന്നയിക്കുന്നുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും, അതിനാലാണ് നഗ്നമാർച്ച് തീരുമാനിച്ചതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
മാർച്ചിൽ പങ്കെടുത്തവർ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണെന്നും നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സർക്കാരിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാനാണ് അവർ നയാ റായ്പൂരിൽ നഗ്നരായി മാർച്ച് നടത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റിൽ നടപടിയെടുക്കണമെന്ന ആവശ്യം പുതിയതല്ലെങ്കിലും സംസ്ഥാനത്ത് ഇത്തരമൊരു പ്രതിഷേധം ഇതാദ്യമാണ്.