സേലം- തമിഴ്നാട്ടിൽ 45 കാരി ബസിനു മുന്നിൽ ചാടി മരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മകന്റെ വിദ്യാഭ്യാസ ചെലവ് തമിഴ്നാട് സർക്കാർ വഹിക്കുമെന്നു കരുതിയാണ് സ്ത്രീ കടുംകൈക്ക് മുതിർന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സംഭവം നടന്നത് ജൂൺ 28നാണെങ്കിലും വീഡിയോ വൈറലായത് ചൊവ്വാഴ്ചയാണ്. അതിവേഗതയിൽ വന്ന ബസിനു മുന്നിലേക്ക് പാപാത്തി നടന്നു നീങ്ങുന്നതും ബസിടിച്ച് തൽക്ഷണം മരിക്കുന്നതുമാണ് വീഡിയോ.
തൂപ്പുകാരിയായിരുന്ന പാപ്പാത്തി മക്കളുടെ വിദ്യാഭ്യാസ ചെലവിനുവേണ്ടി സാമ്പത്തിക പ്രയാസത്തിലായിരുന്നു. മാസം പതിനായിരം രൂപയായിരുന്നു വരുമാനം. മൂത്ത മകൾ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിനിയാണ്. മകൻ സ്വകാര്യ കോളേജിൽ ആർക്കിടെക്ചർ ഡിപ്ലോമക്ക് പഠിക്കുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയ പാപ്പാത്തിയാണ് 18 വർഷമായി മക്കളെ വളർത്തുന്നത്. മകന്റെ ഫീസായി 45,000 രൂപ കുടിശ്ശിക ഉണ്ടായിരുന്നുവെന്ന് സേലം പോലീസ് പറയുന്നു. അപകടമരണങ്ങളിൽ സർക്കാർ സഹായം ലഭിക്കുമെന്ന സർക്കാർ പരസ്യം പ്രാദേശിക പത്രത്തിൽ കണ്ടതാണ് പാപ്പാത്തിയെ അറ്റകൈക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയുടെ അപകടാശ്വാസ നിധിയിൽ നിന്ന് റോഡപകടത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് 1,00,000 രൂപയും ശാശ്വത വൈകല്യത്തിന് 50,000 രൂപയും ഗുരുതരമായ പരിക്കുകൾക്ക് 50,000 രൂപയും അനുവദിക്കാറുണ്ട്. ഒരു കണ്ണോ കൈകാലോ നഷ്ടപ്പെട്ടാൽ 30,000 രൂപയും നിസാര പരിക്കുകൾക്ക് 10,000 രൂപയുമാണ് സഹായധനം അനുവദിക്കാറുള്ളത്.
പാപ്പാത്തിയുടെ മരണത്തിൽ ആദ്യം അപകടമായാണ് കേസെടുത്തെങ്കിലും സിസിടിവി അന്വേഷണത്തിൽ പാപ്പാത്തി സ്വമേധയാ ബസിന് മുന്നിലെത്തിയതാണെന്ന് കണ്ടെത്തിയിരിക്കയാണെന്ന് പോലീസ് പറഞ്ഞു.