ഫറോക്ക്-റെയില്‍വേ ടിക്കറ്റെടുക്കാനുള്ള നീണ്ട ക്യൂ പലര്‍ക്കും തലവേദനയാണ്. വിശേഷ ദിവസങ്ങളാണെങ്കില്‍ പറയാനുമില്ല. ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നത് പോലെ ജനറല്‍ ടിക്കറ്റും യു ടി എസ് മൊബൈല്‍ ആപ്പ് വഴി ജനറല്‍ ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും, സീസണ്‍ ടിക്കറ്റുകളും എടുക്കാന്‍ സാധിക്കും. ഇതിനായി ആദ്യം പ്ലേ സ്റ്റോറില്‍ നിന്ന് യു ടി എസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്. ശേഷം ആപ്പില്‍ സൈന്‍ അപ്പ് ചെയ്യുക. യു പി ഐ, നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴി നിങ്ങളുടെ വാലറ്റ് റീച്ചാര്‍ജ് ചെയ്യുക. ഇത് ചെയ്യാന്‍ ഒരിക്കലും മറക്കരുത്. യു ടി എസ് ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് വാലറ്റ് ചാര്‍ജില്‍ നിന്ന് 3 ശതമാനം ബോണസ് ലഭിക്കുന്നതാണ്. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആദ്യം പേപ്പര്‍ ലെസ് അല്ലെങ്കില്‍ പേപ്പര്‍ ടിക്കറ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. യാത്ര ചെയ്യേണ്ട സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ നല്‍കുക. നിങ്ങളുടെ വാലറ്റില്‍ നിന്നോ, യു പി ഐ പോലുള്ള ഓപ്ഷനുകള്‍ മുഖേനയോ പണം അടയ്ക്കുക. തുടര്‍ന്ന് യു ടി എസ് ആപ്പിലെ ഷോ ടിക്കറ്റ് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ നിങ്ങളുടെ ടിക്കറ്റ് കാണാന്‍ സാധിക്കും. പേപ്പര്‍ ടിക്കറ്റാണ് തിരഞ്ഞെടുത്തതെങ്കില്‍ ബുക്കിംഗ് ഐഡി ഉപയോഗിച്ച്, ജനറല്‍ ടിക്കറ്റ് കൗണ്ടറില്‍, റെയില്‍വെ സ്റ്റേഷനിലെ ടിക്കറ്റ് വെന്‍ഡിംഗ് മെഷിനില്‍ നിന്നോ ഈ ടിക്കറ്റ് പ്രിന്റ് എടുക്കാന്‍ സാധിക്കും. പേപ്പര്‍ലെസ് ടിക്കറ്റ് കൊടുക്കുന്നതാണ് ഏറ്റവും സൗകര്യം.