ന്യൂദൽഹി- രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെ താഴെയിറക്കാനുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ബെംഗളൂരുവിൽ തുടക്കം. മുന്നണിയുടെ രൂപരേഖ തീരുമാനിക്കാൻ 26 പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ ബെംഗളൂരുവിൽ ഒത്തുകൂടി. നാളെ രാവിലെ 11 മുതൽ വൈകിട്ട് നാലു വരെയാണ് ഔപചാരിക ചർച്ചകൾ നടക്കുക. പകൽ മുഴുവൻ ബംഗളൂരുവിൽ ഒത്തുകൂടിയ നേതാക്കൾ നാളത്തെ ചർച്ചകളുടെ അജണ്ട ഔപചാരികമാക്കുന്നതിനായി വൈകുന്നേരം അത്താഴ യോഗം ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മുഖ്യമന്ത്രിമാരായ എംകെ സ്റ്റാലിൻ, നിതീഷ് കുമാർ, അരവിന്ദ് കെജ്രിവാൾ, ഹേമന്ത് സോറൻ, ആർജെഡി നേതാവ് ലാലു പ്രസാദ് എന്നിവർ രണ്ടുദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എൻ.സി.പി നേതാവ് ശരദ് പവാർ ചൊവ്വാഴ്ച രാവിലെ എത്തും.
ഇന്ന് വൈകുന്നേരം താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ നടന്ന ഡിന്നർ മീറ്റിംഗിൽ മമത ബാനർജിയും സോണിയ ഗാന്ധിയും അടുത്തിരുന്ന് ഓർമ്മകൾ പങ്കുവെച്ചു. ജനാധിപത്യത്തെയും ഫെഡറലിസത്തെയും രക്ഷിക്കാൻ അടുത്ത വർഷം ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനാണ് മുൻഗണനയെന്ന് നേതാക്കൾ വ്യക്തമാക്കി. മുൻ സഖ്യകക്ഷിയായ എച്ച്ഡി കുമാരസ്വാമിയുടെ ജനതാദൾ സെക്യുലർ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, ബിജെപിക്കെതിരെ പോരാടാൻ ഇച്ഛാശക്തിയും ധൈര്യവുമുള്ള എല്ലാ പാർട്ടികളെയും സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഇനിയും നിരവധി യോഗങ്ങൾ നടത്തുമെന്നും പ്രശ്നങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.