Sorry, you need to enable JavaScript to visit this website.

മുൻനിര ഇൻഡക്‌സുകൾ ചരിത്രം തിരുത്തി; സെൻസെക്‌സും നിഫ്റ്റിയും പ്രതിവാര നേട്ടത്തിൽ

വീണ്ടും തകർപ്പൻ പ്രകടനത്തിലുടെ ഓഹരി നിക്ഷേപകരെ ആവേശം കൊള്ളിച്ച് മുൻനിര ഇൻഡക്‌സുകൾ ചരിത്രം തിരുത്തി. സെൻസെക്‌സ് 780 പോയന്റും നിഫ്റ്റി സൂചിക 232 പോയന്റും പ്രതിവാര നേട്ടം കൈവരിച്ചു.
നിഫ്റ്റി മുൻവാരത്തിലെ 19,331 ൽ നിന്നുള്ള കുതിപ്പിൽ 19,496 ലെ ആദ്യ പ്രതിരോധം തകർത്ത്  19,523 ലെ റെക്കോർഡ് ഭേദിച്ചു. ഈ അവസരത്തിൽ  വിപണി കൈവരിച്ച വീര്യത്തിൽ 19,566 ലെ രണ്ടാം പ്രതിരോധവും ബുൾ റാലിയിൽ തകർത്ത് 19,595 ലേയ്ക്ക് ഉയർന്ന് പുതിയ റെക്കോർഡ് സൂചിക സ്ഥാപിച്ചു. എന്നാൽ മാർക്കറ്റ് ക്ലോസിങിൽ അൽപം ദുർബലമായ നിഫ്റ്റിക്ക് 19,566 ലെ പ്രതിരോധത്തിന് മുകളിൽ ഇടം പിടിക്കാനാവാതെ രണ്ട് പോയന്റ് നഷ്ടത്തിൽ 19,564 ൽ ക്ലോസിങ് നടന്നു.   
ബുൾ റാലിയുടെ അടിയൊഴുക്കും വിപണിയുടെ സാങ്കേതിക ചലനങ്ങളും വിലയിരുത്തിയാൽ നിഫ്റ്റിയുടെ ദൃഷ്ടി 20,034 പോയന്റിലേയ്ക്ക് തിരിഞ്ഞു. എന്നാൽ ഒറ്റയടിക്ക് ഈ നേട്ടം കൈവരിക്കുമെന്ന് വിലയിരുത്താനാവില്ല. 19,664 ൽ ഈ വാരം ആദ്യ തടസ്സമുണ്ട്. അത് മറികടന്നാലും 19,764 വീണ്ടും പ്രതിരോധം തല ഉയർത്തും. കടമ്പകൾ പലതും മുന്നിലുള്ളതും സാങ്കേതിക വശങ്ങൾ പലതും ഓവർ ബ്രോട്ടായതും പ്രോഫിറ്റ് ബുക്കിങിന് വിദേശ ഫണ്ടുകളെ പ്രരിപ്പിക്കും. പെടുന്നനെ ഒരു തിരുത്തലിന് വിപണി ശ്രമം നടത്തിയാൽ 19,394-19,224 പോയന്റിൽ സപ്പോർട്ട് ലഭിക്കും. 
നിഫ്റ്റി ഡെയ്‌ലി ചാർട്ടിൽ സൂപ്പർ ട്രെന്റ്, പാരാബോളിക്ക് എസ്എ ആർ, എം എ സി ഡി ബുള്ളിഷ് ട്രന്റിലാണ്. നിഫ്റ്റി ഫ്യൂച്ചറിൽ ഓപൺ ഇന്ററസ്റ്റ് ബുൾ സാന്നിധ്യത്തിൽ വീണ്ടും ഉയർന്നു. കഴിഞ്ഞ വാരം 120 ലക്ഷത്തിലെത്തിയ ജൂലൈ പൊസിഷനുകൾ വാരാന്ത്യം 124.3 ലക്ഷം കരാറായി. ജൂലൈ സെറ്റിൽമെന്റ് തീയതിയോട് അടുക്കുന്നതിനാൽ വിപണിയിലെ ഓരോ ചലനങ്ങളെയും കഴുകൻ കണ്ണുകളുമായി വീക്ഷിച്ചാൽ നഷ്ടസാധ്യതകൾ കുറക്കാനാവും. 
സെൻസെക്‌സ് 65,280 പോയന്റിൽ നിന്നും നേട്ടത്തോടെയാണ് ഇടപാടുകൾ തുടങ്ങിയത്. വിദേശ ഫണ്ടുകൾ ഹെവിവെയിറ്റ് ഓഹരികളിൽ കാണിച്ച വാങ്ങൽ താൽപര്യം സൂചികയെ സർവകാല റെക്കോർഡായ 66,159 വരെ ഉയർത്തി. സെൻസെക്‌സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിങായ 60,060 ലാണ്. വിപണി ഇന്നും നാളെയുമായി 66,398 ലെ പ്രതിരോധം തകർക്കാനുള്ള ശ്രമം വിജയിച്ചാൽ അടുത്തു ചുവടിൽ സൂചിക ഉറ്റുനോക്കുക 66,737 നെയാവും. വിപണിയുടെ താങ്ങ് 65,481 ലും 64,903 പോയന്റിലുമാണ്. 
ബി എസ് ഇ ഐ ടി സൂചിക 4.9 ശതമാനം ഉയർന്നു. മെറ്റൽ ഇൻഡക്‌സ് 3.28 ശതമാനം കയറി. ബി എസ് ഇ പവർ, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകളും മികവ് കാണിച്ചു. ഇൻഫോസീസ് ടെക്‌നോജി ഓഹരി വില ആറ് ശതമാനം ഉയർന്ന് 1425 രൂപയായി. അഞ്ച് ശതമാനം മികവിൽ റ്റി സി സഎ് 3512 ലേക്ക് കയറി. ടെക് മഹീന്ദ്ര, വിപ്രോ, ടാറ്റ സ്റ്റീൽ, ആർ ഐ എൽ, സൺ ഫാർമ്മ, ഏയർടെൽ, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയവയിലും ഫണ്ടുകൾ താൽപര്യം കാണിച്ചു. എച്ച് യു എൽ, മാരുതി, എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് സി എൽ തുടങ്ങിയവ വിൽപന സമ്മർദത്തെ അഭിമുഖീകരിച്ചു. 
ഡോളറിന് മുന്നിൽ രൂപ കരുത്ത് നേടി. രൂപയുടെ മൂല്യം വാരാരംഭത്തിലെ 82.74 ൽ നിന്നും ശക്തി പ്രാപിച്ചത് 81.89 ലേയ്ക്ക് നീങ്ങിയ ശേഷം വാരാന്ത്യം 82.16 ലാണ്. യുഎസ് ഡോളറിനെ ഒഴിവാക്കി ഇന്ത്യയും യു എ ഇ യും രൂപ, ദിർഹം അടിസ്ഥാനത്തിൽ വ്യാപാരത്തിന് ധാരണയായത് വിനിമയ വിപണിയിൽ ഇരു രാജ്യങ്ങൾക്കും നേട്ടമാവും. നിലവിൽ റഷ്യയിൽ നിന്നാണ് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതിയെങ്കിലും ഉക്രൈയിനുമായുള്ള സംഘർഷാവസ്ഥക്ക് അയവ് വന്നാൽ യൂറോപ്യൻ മാർക്കറ്റിലേയ്ക്ക് എണ്ണ കയറ്റുമതി റഷ്യ  പുനരാരംഭിക്കുന്നതോടെ വിലയും ഉയരും. 
അത്തരം ഒരു സാഹചര്യം അടുത്ത വർഷമുണ്ടായാൽ ഇന്ത്യ അറബ് രാജ്യങ്ങളെ എണ്ണയ്ക്കായി ആശ്രയിക്കേണ്ടി വരുമ്പോൾ രൂപ അടിസ്ഥാനത്തിലുള്ള ഇടപാടുകൾ നേട്ടമാവും. ആഗോള തലത്തിൽ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യയുടെ സ്ഥാനം വിലയിരുത്തിയാൽ പല ഗൾഫ് രാജ്യങ്ങളും രൂപയിൽ വ്യാപാരത്തിന് താൽപര്യം കാണിക്കാം. ദീർഘകാലയളവിലേയ്ക്ക് വീക്ഷിച്ചാൽ രൂപയുടെ മൂല്യം 70-72 ലേയ്ക്ക് കരുത്ത് നേടാം.
   

Latest News