കറാച്ചി- ഒരു ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോം ആയ പബ്ജി വഴി സൗഹൃദം സ്ഥാപിച്ച ഹിന്ദു യുവാവുമായി വിവാഹിതയാകാൻ ഇന്ത്യയിലേക്ക് ഒളിച്ചോടിയ പാകിസ്ഥാൻകാരിയായ നാല് കുട്ടികളുടെ അമ്മയെ തിരികെ വേണ്ടെന്ന് പാക്കിസ്ഥാനിലെ കുടുംബം. യുവതിയെ പുറത്താക്കിയതായും കുടുംബം അറിയിച്ചു. 2019-ൽ പബ്ജി കളിക്കുന്നതിനിടയിലാണ് പാക് യുവതി സീമ ഗുലാം ഹൈദറും ദൽഹി നോയിഡയിലെ സച്ചിൻ മീണയും പരിചയത്തിലായത്. ഇത് പ്രണയത്തിൽ കലാശക്കുകയും 1300 കിലോമീറ്റർ അകലെനിന്ന് യുവാവിനെ കാണാനായി യുവതി ഇന്ത്യയിൽ എത്തുകയുമായിരുന്നു. ഉത്തർപ്രദേശ് പോലീസ് പറയുന്നതനുസരിച്ച്, സീമ (30), സച്ചിൻ (22) എന്നിവർ ദൽഹിക്ക് സമീപം ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്താണ് നിലവിൽ താമസിക്കുന്നത്. ഏഴ് വയസ്സിൽ താഴെയുള്ള നാല് കുട്ടികളുമായി നേപ്പാൾ വഴി വിസയില്ലാതെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമയെ ജൂലൈ നാലിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്ക് അഭയം നൽകിയ കുറ്റത്തിന് സച്ചിനെ പോലീസ് ജയിലിൽ അടക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് ശേഷം ഇവർക്ക് ജാമ്യം ലഭിച്ചു. അതേമസമയം, സീമയെ പാകിസ്ഥാനിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്ന് സീമയുടെ അയൽവാസികളും ബന്ധുക്കളും വ്യക്തമാക്കി.
മക്കളെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചാൽ മതി. സീമക്ക് ഇന്ത്യയിൽ താമസിക്കാം. ഇപ്പോൾ അവൾ ഒരു മുസ്്‌ലിം പോലുമല്ല. കുടുംബം വ്യക്തമാക്കി. അധികം വിദ്യാഭ്യാസമില്ലാത്ത സീമ ഹൈദർ തന്റെ നാലുമക്കളെയുമായി ഇന്ത്യയിലേക്ക് സാഹസികയാത്ര നടത്തിയ സംഭവം ഇപ്പോഴും ഏവരെയും ആകർഷിക്കുന്നുണ്ട്. ഗുലിസ്ഥാൻ-ഇ-ജൗഹറിലാണ് സീമ ഹൈദറിന്റെ വീട്. ഇടുങ്ങിയത് വൃത്തിഹീനവുമായ സ്ഥലത്താണിത്. മലിനജലം നിറഞ്ഞുനിൽക്കുന്ന സ്ഥലം കൂടിയാണിത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഗുലാം ഹൈദർ 1.2 മില്യൺ രൂപയ്ക്ക് സീമയ്ക്ക് വീട് വാങ്ങിക്കൊടുത്തുവെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത് ശരിയില്ലെന്നും മക്കളോടൊപ്പം മൂന്ന് വർഷമായി ഞങ്ങളുടെ കൂടെ വാടകക്കാരനായിരുന്നു സീമയെന്നും അവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഭൂവുടമയുടെ മകൻ നൂർ മുഹമ്മദ് വിശദീകരിച്ചു. മാതാപിതാക്കളുടെ എതിർപ്പ് വകവെക്കാതെ സീമയും ഗുലാം ഹൈദറും പത്ത് വർഷം മുമ്പ് കറാച്ചിയിലേക്ക് ഒളിച്ചോടിയാണ് വിവാഹം ചെയ്തത്.
'അവൾ ഒരു ദിവസം ടാക്‌സി വിളിച്ച് മക്കളെയും കുറച്ച് ബാഗുകളുമായി പോകുന്നത് ഞങ്ങൾ കണ്ടു, അവൾ ജേക്കബ്ബാദിലെ അവളുടെ ഗ്രാമത്തിലേക്ക് പോകുകയാണെന്ന് ഞങ്ങൾ കരുതി. എന്നാൽ ഏകദേശം ഒരു മാസത്തിന് ശേഷം, ടിവി ചാനലുകളിൽ അവളുടെ വാർത്ത കേട്ടപ്പോൾ, ഞങ്ങൾ എല്ലാവരും ഞെട്ടി. അവളുടെ അയൽവാസിയായിരുന്ന ജമാൽ ജഖ്റാനി എന്ന വയോധികൻ കൂട്ടിച്ചേർക്കുന്നു. എപ്പോഴെങ്കിലും തിരിച്ചുവരാൻ അവൾ വിചാരിച്ചാൽ ഗോത്രം അവളോട് ക്ഷമിക്കില്ലെന്നും ഒരു ഹിന്ദുവിനൊപ്പം കഴിയാനുള്ള അവളുടെ തീരുമാനം ഇപ്പോൾ എല്ലാവരേയും ചൊടിപ്പിച്ചിട്ടുണ്ടെന്നും ജമാൽ പറഞ്ഞു. 2002 -ൽ ജനിച്ച സീമക്ക് ഇപ്പോൾ 21 വയസുണ്ട്. ആറു വയസിന് താഴെയുള്ള നാലു മക്കളാണ് അവർക്കുള്ളത്. അതേസമയം, സൗദി അറേബ്യയിൽ നിന്ന് മടങ്ങാൻ സീമയുടെ ഭർത്താവ് ഗുലാം ഹൈദറിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ വീഡിയോ കോൾ വഴി മാത്രമാണ് ഗുലാം ഹൈദർ ബന്ധപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു. ഭർത്താവിന്റെ അഭാവത്തിൽ സീമ നിരാശയായിരുന്നുവെന്നും കുടുംബത്തിൽനിന്നുള്ള പിന്തുണ ഇല്ലാത്തതിനാൽ നാലു കുട്ടികളെ സ്വയം പരിപാലിക്കാനാകാതെ സീമ നാടുവിടുകയായിരുന്നുവെന്നുമാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ഭർത്താക്കന്മാർ ഒരിക്കലും ഭാര്യമാരെ വർഷങ്ങളോളം തനിച്ചാക്കരുതെന്നും മാതാപിതാക്കൾ അവരുടെ പെൺമക്കളെയും സഹോദരിമാരെയും നിരന്തരം നിരീക്ഷിക്കേണ്ടതുണ്ടെന്നുമാണ് സമീപത്തെ പള്ളിയിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നയാൾ പറഞ്ഞത്.