കൊച്ചി-'പദ്മിനി' സിനിമയുടെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി കുഞ്ചാക്കോ ബോബനെതിരെ ആരോപണങ്ങളുമായി എത്തിയതിന് പിന്നാലെ താരത്തിനെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് എത്തുന്നത്. താരം സിനിമയുടെ പ്രമോഷന് വരാതെ കുടുംബസമേതം യുകെയില്‍ പോയതിനെയൊക്കെയാണ് വിമര്‍ശിക്കുന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് 'ഭയ്യാ ഭയ്യാ' സിനിമയുടെ നിര്‍മ്മാതാവ് ഹൗളി പോട്ടൂര്‍.
അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്' എന്നു തുടങ്ങുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 'ഭയ്യാ ഭയ്യാ' സിനിമ പരാജയപ്പെട്ടപ്പോള്‍ തകര്‍ന്നു പോയ തന്നെ തേടി കുഞ്ചാക്കോ ബോബന്റെ കോള്‍ വന്നിരുന്നു. അന്ന് തനിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനാുള്ള ആത്മവിശ്വാസമാണ് അദ്ദേഹം തന്നത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.
ഹൗളി പോട്ടൂറിന്റെ കുറിപ്പ്:
'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്'
എന്റെ പേര് ഹൗളി പോട്ടൂര്‍. മഞ്ഞുപോലൊരു പെണ്‍കുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫര്‍, രാപ്പകല്‍ തുടങ്ങി പന്ത്രണ്ട് സിനിമകളുടെ നിര്‍മ്മാതാവാണ്. ഒടുവില്‍ ചെയ്ത ചിത്രം 'ഭയ്യാ ഭയ്യാ'. ഇപ്പോള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. നിങ്ങള്‍ക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. അന്ന് തകര്‍ന്നുപോയ എന്നെ തേടി ഒരു ഫോണ്‍കോള്‍ വന്നു. കുഞ്ചാക്കോ ബോബന്റെ കോള്‍.
അന്ന് അയാള്‍ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്. 'ചേട്ടാ വിഷമിക്കേണ്ട, ഞാന്‍ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാല്‍ മതി. ഞാന്‍ വന്ന് ചെയ്യാം' അന്ന് ആ വാക്കുകള്‍ തന്ന ആശ്വാസം ചെറുതല്ല. തകര്‍ന്നിരുന്ന എനിക്ക് ഉയിര്‍ത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. ഒന്നേ പറയുന്നുള്ളൂ. ഞാന്‍ ഇനിയും സിനിമ ചെയ്യും. അതില്‍ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും.
സ്‌നേഹത്തോടെ
ഹൗളി പോട്ടൂര്‍