ന്യൂദല്‍ഹി- പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. സ്ഥിരമായി കേരളത്തില്‍ നില്‍ക്കാനാണ് അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.
സുപ്രീം കോടതിയുടെ ഉത്തരവിന്മേൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടി കഴിഞ്ഞ മാസം 26ന് കേരളത്തിലെത്തിയ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ജൂലൈ ഏഴിനാണ് തിരിച്ച് ബംഗളൂരുവിലേക്ക് മടങ്ങിയത്. ആശുപത്രിക്കിടക്കയിൽ നിന്നാണ് മഅ്ദനി ബെംഗളൂരുവിലേക്ക് മടങ്ങിയത്. സ്വദേശത്ത് തങ്ങാൻ കർണാടക കോടതി അനുവദിച്ച സമയം അവസാനിച്ചതിനെ തുടർന്നാണ് രോഗശയ്യയിൽ കിടക്കുന്ന പിതാവിനെ പോലും കാണാനാകാതെ മഅ്ദനി മടങ്ങിയത്. മഅ്ദനിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രി അധികൃതർ ചികിത്സയിൽ തുടരണമെന്ന് അഭ്യർഥിച്ചെങ്കിലും കോടതി വിധി അനുകൂലമല്ലാത്തതിനാൽ കുടംബാംഗങ്ങൾ ഡിസ്ചാർജ് എഴുതി വാങ്ങുകയായിരുന്നു.
വൈകുന്നേരം ആറിന് ചികിത്സയിൽ കഴിയുന്ന എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ നിന്ന് ആംബുലൻസിലാണ് മഅ്ദനിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. രാത്രി 9.20ന് വിമാന മാർഗം ബെംഗളൂരുവിലേക്ക് തിരിക്കുകയും ചെയ്തു.
പിതാവിനെ സന്ദർശിക്കാനായി കോടതിയിൽ നിന്ന് പ്രത്യേകാനുമതി വാങ്ങി കഴിഞ്ഞ മാസം 26 നാണ് മഅ്ദനി കേരളത്തിലെത്തിയത്. റോഡ് മാർഗം പിതാവിനെ കാണാൻ ശാസ്താംകോട്ടയിലുള്ള കുടുംബ വസതിയിലേക്കുള്ള യാത്രാ മധ്യേ അദ്ദേഹത്തിന് ആലുവ ഭാഗത്ത് വെച്ച് കടുത്ത ശാരീരികാസ്വസ്ഥതയും തുടർച്ചയായ ഛർദ്ദിയുമുണ്ടാവുകായിരുന്നു. ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. ആരോഗ്യ നിലയിൽ മാറ്റമില്ലാതായതോടെ 12 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷമാണ് ബംഗളൂരുവിലേക്ക് മടങ്ങിയത്. ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റമില്ലാത്ത തുടർന്ന സാഹചര്യത്തിൽ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘം യാത്ര ചെയ്യാൻ അനുവദിക്കാതായതോടെ പിതാവിനെ കാണണമെന്നാഗ്രഹം നിറവേറ്റാനായില്ല. പിതാവിനും യാത്രാ പ്രയാസമുള്ളതിനാൽ കൊച്ചിയിലെത്തിക്കാനായില്ല.
സർക്കാർ ഇടപടിലിനെ തുടർന്ന് ഉന്നത മെഡിക്കൽ സംഘം മഅ്ദനിയെ സന്ദർശിച്ച് വിദഗ്ധ പരിശോധന നടത്തിയിരുന്നു. ഇരു വൃക്കകളും തകരാറായതിനെ തുടർന്ന് ക്രിയാറ്റിൻ ലെവൽ 10.6ൽ എത്തിയതിനാൽ നിലവിൽ ഡയാലിസിസ് ചെയ്യാനും കഴിയാത്ത അവസ്ഥയാണ്.
ജാമ്യ വ്യവസ്ഥയിലെ ഉപാധി മൂലം ബെംഗളൂരു വിട്ടുപോകാൻ കഴിയാതെ തടങ്കലിന് സമാനമായി കഴിഞ്ഞു വരുന്ന മഅ്ദനിക്ക് സ്വദേശത്തേക്ക് പോകാൻ സുപ്രീം കോടതി ഉപാധികളോടെ അനുമതി നൽകിയിരുന്നുവെങ്കിലും ബി ജെ പി സർക്കാർ എതിർവാദമുന്നയിച്ച് തടയുകയായിരുന്നു. കോൺഗ്രസ്സ് അധികാരമേറ്റടുത്തതോടെ വീണ്ടും നിയമ പോരാട്ടം നടത്തിയാണ് കേരള യാത്ര സാധ്യമായത്.
കേരളത്തിൽ സ്ഥിരമായി നിൽക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ മഅദ്‌നിയുടെ ഏറെക്കാലമായുള്ള ബംഗളൂരു വാസത്തിനാണ് അവസാനമാകുന്നത്.