ശ്രീനഗര്‍- പല വിവാഹങ്ങള്‍ ചെയ്ത് വധുക്കളുടെ ആഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പ് വരന്മാരുടെ കഥകള്‍ എത്രയെങ്കിലും കേട്ടിട്ടുണ്ട്. എന്നാലിതാ കശ്മീരില്‍ പല സമയങ്ങളിലായി 27 പുരുഷന്മാരെ വിവാഹം ചെയ്ത് പണവും ആഭരണങ്ങളുമായി മുങ്ങിയ യുവതിയുടെ കഥ.
ബ്രോക്കര്‍ വഴിയാണ് യുവതിയുടെ വിവാഹം നടക്കാറുള്ളത്. വിവാഹാനന്തരം പത്തോ ഇരുപതോ ദിവസം 'ഭര്‍ത്താവി'നോടൊപ്പം താമസിക്കും. പിന്നെ സ്വര്‍ണവും പണവുമൊക്കെയായി ആള് സ്ഥലം കാലിയാക്കും. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി നിരവധി പേര് പോലീസിലെത്തിയിരുന്നു. ഇവരെല്ലാം നല്കിയ 'ഭാര്യ'യുടെ ഫോട്ടോ കണ്ടപ്പോഴാണ് 'നായിക' ഒരേ യുവതിയാണെന്ന് തിരിച്ചറിഞ്ഞത്. അതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തെത്തിയത്.
യുവാക്കള്‍ നല്കിയ പന്ത്രണ്ട് പരാതികളിലെ ഫോട്ടോ ഒരേ യുവതി തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് 10-ാം ദിവസം ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ് യുവതി. പിന്നീട് അവര്‍ തിരികെ എത്തിയിട്ടില്ല.
അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവും 3,80,000 രൂപയുമാണ് യുവതിക്ക് നല്‍കിയതെന്നാണ് തട്ടിപ്പിന് ഇരയായ ഒരു യുവാവിന്റെ കുടുംബം പറഞ്ഞത്. ഒരു ദിവസം രാത്രി വീട്ടിലെ സാധനങ്ങളുമെടുത്ത് യുവതി ഓടിപ്പോവുകയായിരുന്നുവെന്നാണ് മറ്റൊരാളുടെ പരാതി.
യുവതിയുടെ യഥാര്‍ഥ പേരെന്താണെന്ന് ആര്‍ക്കും അറിവില്ല. വ്യത്യസ്ത പേരുകളിലാണ് അവര്‍ ഓരോരുത്തരേയും വിവാഹം ചെയ്തിരിക്കുന്നത്. ബുഡ്ഗാമില് മാത്രം ബ്രോക്കര്‍മാരുടെ സഹായത്തോടെ 27 പേരെ വിവാഹം കഴിച്ചു.
തട്ടിപ്പിന് പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ സംശയിക്കുന്നുണ്ട്.